മുക്കം: ആരോഗ്യ ഇൻഷ്വറൻസ് കാർഡിൽ മുഖ്യമന്ത്രിയായതിന്റെ ആവേശത്തിലും ആശങ്കയിലുമാണ് കാരശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് ചെറിയ മുക്കത്ത് ഫസൽ. കഴിഞ്ഞ ദിവസം ലഭിച്ച കാർഡിലാണ് ഫസൽ മുഖ്യമന്ത്രിയായത്.
മുക്കം അക്ഷയയിൽ അപേക്ഷ നൽകിയതനുസരിച്ച് കഴിഞ്ഞ 18നായിരുന്നു ഫോട്ടോയെടുക്കൽ. അന്ന് തന്നെ കാർഡും കിട്ടി. കൂടുതൽ പരിശോധന നടത്താതെ വീട്ടിൽ സൂക്ഷിച്ചു. രണ്ട് ദിവസം മുന്പ് കാർഡ് പരിശോധിച്ചപ്പോഴാണ് തന്നെ മുഖ്യമന്ത്രിയാക്കിയത് ഫസലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഫസൽ സി.എം എന്ന് ഇംഗ്ലീഷിലും ഫസൽ മുഖ്യമന്ത്രിയെന്ന് മലയാളത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. ഉടൻ അക്ഷയ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നമില്ലെ്ലന്നാണ് അറിയിച്ചത്. കാർഡുമായി ആശുപത്രിയിലും മറ്റുമെത്തുമ്പോൾ സ്വീകരിക്കുമോ എന്നാണ് ഫസലിന്റെ ഭയം.
ആരോഗ്യ ഇൻഷ്വറൻസ് കാർഡിൽ നേരത്തേയും ഇത്തരം വലിയ തെറ്റുകൾ സംഭവി ച്ചിരുന്നു. തങ്കച്ചൻ എ.എം എന്നത് തങ്കച്ചൻ രാവിലെ എന്ന് അച്ചടിച്ച് വന്നത് സോഷ്യൽ മീഡിയയിൽ വൈറലാണ്. കംപ്യൂട്ടർ സെറ്റിംഗിൽ വന്ന പാകപിഴയാവാം ഇത്തരം തെറ്റുകൾക്ക് കാരണമെന്നാണ് അക്ഷയ അധികൃതർ പറയുന്നത്.