കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യമെന്ന് പ്രതി അബ്ദുള്‍ സനൂഫ്. മാസങ്ങൾക്ക് മുൻപ് ഫസീല യുവാവിനെതിരേ ബലാത്സംഗ പരാതി നൽകിയിരുന്നു. കേസില്‍ അബ്ദുള്‍ സനൂഫ് 83 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു.
പരാതി പിൻവലിക്കണമെന്ന് യുവാവ് ഒരുപാട് തവണ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അതിനു തയാറായില്ല. ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് ഫസീലയേയും കൂട്ടി പ്രതി എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഇക്കാര്യം ചൊല്ലി ഇരുവരും വാക്ക് തർക്കം ഉണ്ടായി.
പരാതി പിൻവലിക്കില്ല എന്ന് ഉറച്ച നിലപാടിലായിരുന്നു യുവതി. ഒത്തു തീര്‍പ്പിന് ഫസീല വഴങ്ങിയില്ല. അതോടെ വായപൊട്ടി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. അബ്ദുള്‍ സനൂഫിനെ കൊലപാതം നടന്ന ലോഡ്ജിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.