കാലം എത്ര പെട്ടെന്നാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞാലും ആളുകള്‍ എത്ര വേഗത്തിലാണ് പുരോഗതി പ്രാപിക്കുന്നതെന്ന് പറഞ്ഞാലും ആളുകളുടെ മനസില്‍ വലിയ മാറ്റമൊന്നുമുണ്ടായി കാണുന്നില്ല. സ്ത്രീകള്‍ കരിയും പുകയും കൊണ്ട് വീട്ടില്‍ ഇരിക്കേണ്ടവരാണെന്ന ചിന്താഗതിയ്ക്ക് ഇതുവരെയായിട്ടും വലിയ രീതിയിലുള്ള മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സമൂഹത്തിലെ ചില വിഭാഗത്തിന് മാത്രമേ ഇത്തരത്തില്‍ മുഖ്യധാരയിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുകയുള്ളു എന്നുള്ള ചിന്തയും ഇന്ന് പൊതുവെയുണ്ട്. അനിത ദോണ്‍േ്രഗ എന്ന ഇന്ത്യന്‍ ഫാഷന്‍ ഡിസൈനറാണ് ഇപ്പോള്‍ രാജ്യത്തിന് പുറത്തുപോലും പ്രശസ്തയായിരിക്കുന്നത്. ബോളിവുഡ് താരം കരീന കപൂറിന്റെ മുതല്‍ എന്തിനേറെ പറയുന്നു, ഇംഗ്ലണ്ടിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റിന്റെ വരെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് അനിതയാണ്. ഇതൊക്കെയാണെങ്കിലും ഉന്നതിയിലേയ്ക്കുള്ള അനിതയുടെ യാത്രയും അത്ര എളുപ്പമായിരുന്നില്ല. വിവിധ തടസങ്ങളുണ്ടായെങ്കിലും അതിലൊന്നും തട്ടി വീഴാതെ അനിത പിടിച്ചുനിന്നു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും വേണ്ടി താന്‍ ആഗ്രഹിച്ച ജീവിതം നഷ്ടപ്പെടുത്തുന്നവര്‍ അനിത ദോംഗ്രെ എന്ന പ്രശസ്ത ഫാഷന്‍ ഡിസൈനറുടെ ജീവിതകഥ അറിയേണ്ടതുണ്ട്. മുംബൈ സ്വദേശിയായ അനിത പ്രതിബന്ധങ്ങളെയൊന്നും വകവെക്കാതെയാണ് ഇന്ന് അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറിലേക്ക് എത്തിയത്. അനിതയുടെ വാക്കുകളിലേക്ക്.
‘എന്റെ വളര്‍ച്ചയിലാണ് ഞാന്‍ ആ കാര്യം ശ്രദ്ധിച്ചത്, എനിക്കു ചുറ്റമുള്ള സ്ത്രീകള്‍ കഠിനാധ്വാനികളാണ്, പക്ഷേ അവര്‍ക്ക് അതിനനുസരിച്ചുള്ള ബഹുമാനം ലഭിക്കുന്നില്ല, അതിനു കാരണം അവര്‍ സാമ്പത്തികപരമായി ആശ്രയിക്കപ്പെട്ടു കഴിയുന്നവരാണ് എന്നതായിരുന്നു. അന്നു മുതലാണ് എന്നില്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകത തെളിഞ്ഞത്. പതിനഞ്ചാം വയസു മുതല്‍ തന്നെ എനിക്കൊരു ഫാഷന്‍ ഡിസൈനര്‍ ആകണമെന്നായിരുന്നു ആഗ്രഹം. എന്റെ അമ്മ എന്നെ പാചകം പഠിപ്പിച്ചു, എല്ലാ നല്ല പെണ്‍കുട്ടികളെയുംപോലെ ഞാന്‍ എംബ്രോയ്ഡറിയും വശമാക്കി എന്നു മാത്രമാണ് അമ്മ കരുതിയത്. അതിനപ്പുറം പോകുമെന്നു ചിന്തിച്ചതേയില്ല. സാധാരണയായി സ്ത്രീയുടെയോ പുരുഷന്റെയോ കരിയര്‍ ഉപേക്ഷിക്കണം എന്നൊരു ചോയ്‌സ് വന്നാല്‍ ആദ്യം അതിനു തയ്യാറാവുക സ്ത്രീകളാണ്. സ്ത്രീയുടെ കരിയറിന് അത്രയ്‌ക്കൊന്നും പ്രാധാന്യമില്ല. കോളജില്‍ ചേര്‍ന്നതിന്റെ ആദ്യവര്‍ഷം തൊട്ടുതന്നെ എന്നിലൊരു ബിസിനസ് ചിന്ത വളര്‍ന്നിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഞാന്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചു, ഞങ്ങളുണ്ടാക്കിയ എല്ലാ വസ്ത്രങ്ങളും വിറ്റഴിക്കപ്പെടുമായിരുന്നു.
ഇരുപതു വയസായതോടെ ഞാന്‍ സാമ്പത്തികമായി സ്വതന്ത്രയായി. തുടക്കത്തില്‍ ഞാന്‍ ബിസിനസ് തുടങ്ങുന്നതില്‍ വീട്ടുകാര്‍ക്കു താല്‍പര്യമേ ഉണ്ടായിരുന്നില്ല. 1982ലെ ആ കാലത്ത് സ്ത്രീകളുടെ ഏറ്റവും വലിയ കാര്യം വിവാഹിതയാവുക എന്നതായിരുന്നു. പക്ഷേ എന്നെ പിടിച്ചു നിര്‍ത്താന്‍ ആകുമായിരുന്നില്ല. രണ്ടു തയ്യല്‍ക്കാര്‍ക്കൊപ്പം എന്റെ മുറിയിലിരുന്ന് ഞാന്‍ സ്വപ്നങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. എന്റെ ജോലിയായിരുന്നു എനിക്കു മതം, അത്രത്തോളം പവിത്രമാണെനിക്കത്. പുറത്തു നിന്നും ആളുകള്‍ എന്റെ ഡിസൈനിനു വേണ്ടി ദിവസവും വരാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ ചോദിച്ചു, ഇവരെല്ലാം ശരിക്കും നിന്റെ വസ്ത്രങ്ങള്‍ക്കു വേണ്ടിയാണോ വരുന്നതെന്ന്. അപ്പോള്‍ മുതലാണ് അവര്‍ പതിയെ എന്റെ ജോലിയെ അംഗീകരിച്ചു തുടങ്ങിയത്. ഈ കാലത്തിനിടയ്ക്ക് ഞാനെന്റെ ഭര്‍ത്താവിനെ പരിചയപ്പെട്ടു. ഞങ്ങള്‍ ആരും അറിയാതെ കുറച്ചു വര്‍ഷങ്ങള്‍ പ്രണയിച്ചു, അദ്ദേഹവും ഞാനും വ്യത്യസ്ത മതക്കാരായതിനാല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പക്ഷേ അദ്ദേഹം ബുദ്ധിമാന്‍ ആയിരുന്നു. പതിയെപ്പതിയെ അദ്ദേഹം എന്റെ വീട്ടുകാരെ ഓരോരുത്താരെയായി പരിചയപ്പെട്ട് അവരെയെല്ലാം കയ്യിലെടുത്തു. ശരിക്കും ഒരു സിനിമാക്കഥ പോലെയായിരുന്നു അതെല്ലാം. സുഹൃത്തുക്കളെല്ലാം നിങ്ങളുടെ ഈ പ്രണയം എവിടെച്ചെന്നെത്തും എന്നു ചോദിക്കുമായിരുന്നു. നമ്മള്‍ വെറും സുഹൃത്തുക്കളാണോ ഈ ബന്ധം തമാശയ്ക്കാണോ എന്നെ ശരിക്കും വിവാഹം കഴിക്കുമോ എന്നെല്ലാം ഞാനും ചോദിച്ചിരുന്നു.
പക്ഷേ അദ്ദേഹത്തിന് ആ കാര്യത്തില്‍ സംശയമില്ലായിരുന്നു, നമ്മള്‍ വിവാഹം കഴിക്കുക തന്നെ ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. വിവാഹശേഷവും ജോലി ഉപേക്ഷിക്കണം എന്നൊരു ചിന്തയേ വന്നിരുന്നില്ല. സാധാരണയായി സ്ത്രീയുടെയോ പുരുഷന്റെയോ കരിയര്‍ ഉപേക്ഷിക്കണം എന്നൊരു ചോയ്‌സ് വന്നാല്‍ ആദ്യം അതിനു തയ്യാറാവുക സ്ത്രീകളാണ്. സ്ത്രീയുടെ കരിയറിന് അത്രയ്‌ക്കൊന്നും പ്രാധാന്യമില്ല. പക്ഷേ ഞാന്‍ അന്നും വ്യക്തമായി പറഞ്ഞിരുന്നു ജോലിയാണ് എന്റെ മതം. വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ ഞാന്‍ ഒരു ഫാഷന്‍ വീക്കില്‍ അറ്റന്‍ഡ് ചെയ്യുന്നതിനെ വിലക്കിയിരുന്നു പക്ഷേ അന്നും വിഷമിക്കേണ്ട അവരെ ഞാന്‍ പറഞ്ഞു മനസിലാക്കാം എന്നു പറഞ്ഞ് കൂടെനിന്നത് ഭര്‍ത്താവാണ്. അത്തരത്തിലുള്ളൊരു പിന്തുണയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. ഗര്‍ഭിണിയായപ്പോഴും മകന്‍ പിറന്നപ്പോഴുമൊന്നും ജോലി ഉപേക്ഷിക്കണം എന്ന ചിന്തയേ ഉണ്ടായിട്ടില്ല. മകന്റെ പിടിഎ മീറ്റിങ്ങുകളിലും സ്‌പോര്‍ട്‌സ് മീറ്റുകളിലും പങ്കെടുക്കാന്‍ കഴിയാത്ത അവസരങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഭര്‍ത്താവിനും പോകാന്‍ കഴിഞ്ഞിട്ടില്ല. അന്നെല്ലാം എന്റെ അമ്മയും അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരികളുമൊക്കെയാണ് ഞങ്ങള്‍ക്കു ശക്തിയായത്. അവരെല്ലാമാണ് ഇന്ന് ഞാന്‍ ഇവിടെ എത്തിനില്‍ക്കുന്നതിനു പിന്നില്‍. വെറും രണ്ട തയ്യല്‍ മെഷീനില്‍ നിന്ന് ഇന്ന് ലോകം അറിയപ്പെടുന്ന ഡിസൈനര്‍ ആയി ഉയര്‍ന്നതിന് പിന്നില്‍ എന്നെ സ്‌നേഹിക്കുന്ന എന്റെ വീട്ടുകാരും സുഹൃത്തുക്കളുമാണ്.