വാഴക്കുളം: ജനമൈത്രി പോലീസിന്റെ ഭാഗമല്ലെങ്കിലും വാഴക്കുളം പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്കെല്ലാം സുപരിചിതനാണ് കാവന ചുണ്ടംതടത്തിൽ വർക്കിയെന്ന 88കാരൻ. വെറുതെ കിടന്ന പോലീസ് സ്റ്റേഷൻ മുറ്റത്ത് കൃഷി അറിവുകൾ നട്ടു നനയ്ക്കുകയാണ് ഈ പരന്പരാഗത കർഷകൻ.
പാരന്പര്യമായി പകർന്നുകിട്ടിയ അറിവുകളും കാർഷിക വിജ്ഞാനവും സ്റ്റേഷനിലെ പോലീസുകാർക്ക് പ്രവൃത്തിപഥത്തിലൂടെ പകർന്നുകൊടുക്കുകയാണ് ഇദ്ദേഹം. പാഷൻ ഫ്രൂട്ട് കൃഷിയാണ് ഇദ്ദേഹം സ്റ്റേഷനിൽ ചെയ്തു തുടങ്ങിയിരിക്കുന്നത്. വൈറ്റമിൻ സിയുടെ കലവറയായ പാഷൻ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതാണ്.
134 ഇനത്തിൽപ്പെട്ട അത്യുത്പാദനവും പ്രതിരോധശേഷി കൂടിയതും തൂക്കവും രുചിയും കൂടിയ പാഷൻ ഫ്രൂട്ടാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരിക്കുന്നത്. സ്റ്റേഷനിലെ കമ്യൂണിറ്റി റിലേഷൻ ഓഫീസർ എം.വി. ബിജു, എസ്ഐ എം.കെ. ദാസ്, സിപിഒമാരായ മഞ്ജേഷ് കുമാർ, ഗിരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഓഫീസർമാരും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് വർക്കിച്ചേട്ടൻ പറഞ്ഞു.
ചുരുങ്ങിയ സ്ഥലത്ത് വലിയ പരിപാലനമില്ലാതെ വളർത്താവുന്ന കൃഷിയിനങ്ങൾ സ്റ്റേഷൻ പരിസരങ്ങളിൽ പ്രാവർത്തികമാക്കാനാണ് വർക്കിച്ചേട്ടൻ ശ്രമിക്കുന്നത്. കാവനയിലുള്ള വീട്ടുപുരയിടത്തിൽ പകലന്തിയോളം പണിയെടുക്കുന്നതിൽ ഇപ്പോഴും അത്യുത്സാഹിയായ ഇദ്ദേഹത്തിനു കൃഷിയെക്കുറിച്ച് വാതോരാതെ പറയാനുണ്ട്.
വാഴക്കുളം പൈനാപ്പിൾ ഗവേഷണകേന്ദ്രവുമായി അടുത്തബന്ധം പുലർത്തുന്ന വർക്കിച്ചേട്ടൻ പുതിയ കൃഷിമുറകളും ആധുനിക കൃഷിയും സ്വന്തമായി പരീക്ഷിച്ചു വിജയിപ്പിക്കാറുണ്ട്. ജൈവ രീതിയിൽ അത്യുത്പാദനം നടത്തുന്ന കൃഷി മുറകൾ ഇദ്ദേഹത്തിൽനിന്നു പുതുതലമുറയ്ക്ക് ഇനിയും ലഭിക്കാനുണ്ട്.