കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ കുടുങ്ങിയ എം.സി. കമറുദ്ദീന് എംഎല്‍എയ്ക്ക് പുതിയ കുരുക്ക്. ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ നിന്നുള്ള വിറ്റുവരവുമായി ബന്ധപ്പെട്ട ചരക്കുസേവന നികുതി കുടിശിക അടയ്ക്കാത്തതിന്റെ പേരില്‍ കമറുദ്ദീനെതിരേ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കാന്‍ പയ്യന്നൂരിലെ ചരക്ക് സേവന നികുതി വിഭാഗം നോട്ടീസ് നല്കി.
നികുതിയും പിഴ പലിശയും അടക്കം 1,39,506 രൂപയാണ് കുടിശിക വരുത്തിയിട്ടുള്ളത്.ഇതിനു പുറമേ കാസര്‍ഗോഡ് ശാഖയില്‍ നിന്നും 84,82,744 രൂപയും ചെറുവത്തൂരിലെ പ്രധാന ശാഖയില്‍ നിന്നും 57,03,087 രൂപയും നികുതി കുടിശിക വരുത്തിയിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ടും വരുംദിവസങ്ങളില്‍ നോട്ടീസ് അയക്കുമെന്നാണ് വിവരം.
മാസങ്ങള്‍ക്കു മുമ്പ് മൂന്ന് ശാഖകളിലും ചരക്ക് സേവന നികുതി വിഭാഗം എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്.
ഈ തുക അടക്കുന്നതിനായി നികുതി വകുപ്പ് പലതവണ നോട്ടീസയച്ചെങ്കിലും കമറുദ്ദീന് ഉള്‍പ്പെടെ ജ്വല്ലറി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്നാണ് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയത്.
ഇതേസമയം കേസില്‍ ലീഗ് സംസ്ഥാന നേതൃത്വം മധ്യസ്ഥനായി നിശ്ചയിച്ച ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി കൊച്ചിയില്‍ ഒരു ബിജെപി സംസ്ഥാന നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കമറുദ്ദീനെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വൈകിപ്പിക്കാനുള്ള സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. കമറുദ്ദീന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള മധ്യസ്ഥശ്രമങ്ങളെയും അത് ബാധിക്കാനിടയുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ചന്തേര പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 55 ആയി. ചന്തേരയില്‍ 39 ഉം കാസര്‍ഗോഡ് പത്തും പയ്യന്നൂരില്‍ ആറും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസ് ഡയറിയും വിവരങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ അന്വേഷണസംഘത്തിലെ ഏതാനും പേര്‍ക്ക് കോവിഡ് ബാധിച്ചതുമൂലം അന്വേഷണം പൂര്‍ണമായ അര്‍ത്ഥത്തില്‍ തുടങ്ങാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് നല്കുന്ന വിശദീകരണം.