കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ കാസര്‍ഗോഡ് നഗരത്തിന്റെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന സ്ഥലവും കെട്ടിടവും കഴിഞ്ഞ ജനുവരിയില്‍ മാനേജ്മെന്റ് മറിച്ചുവിറ്റിരുന്നതായ വിവരം പുറത്തുവന്നു.
ഖമര്‍ ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ കാസര്‍ഗോഡ് നഗരഹൃദയത്തിലുള്ള 17.7 ചതുരശ്രമീറ്റര്‍ സ്ഥലവും നാല് കടമുറികളുമാണ് ചെയര്മാന് എം.സി. കമറുദ്ദീനും എംഡി ടി.കെ. പൂക്കോയ തങ്ങളും ചേര്‍ന്ന് വില്പന നടത്തിയത്.
ജ്വല്ലറിയില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടുന്നതിനായി നിരവധി പേര് തിരക്ക് കൂട്ടിത്തുടങ്ങിയ കാലത്തുതന്നെയായിരുന്നു വില്പന.ഇതുമായി ബന്ധപ്പെട്ട് 2020 ജനുവരി 24,25 തീയതികളിലാണ് കാസര്‍ഗോഡ് രജിസ്ട്രാര്‍ ഓഫീസില്‍ രണ്ട് വില്പന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്.
ആകെ 60 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടത്തിയതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അഫി ഉദിനൂര്‍, ഭാര്യ റുസീഫ എന്നിവര്‍ക്കാണ് സ്ഥലവും കെട്ടിടവും വില്പന നടത്തിയത്.സ്ഥാപനത്തിന്റെ പേരില്‍ പയ്യന്നൂരിലുള്ള ആസ്തികളില്‍ കുറച്ചു ഭാഗം നേരത്തേ നിക്ഷേപകരെ സംഘടിപ്പിച്ച് കര്‍മസമിതി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ചിലരുടെ പേരില്‍ എഴുതി നല്‍കിയതായും വിവരം പുറത്തുവന്നിട്ടുണ്ട്.
ഇതോടെ ഫലത്തില്‍ കര്‍മസമിതിയുടെ പ്രവര്‍ത്തനം മാനേജ്മെന്റുമായുള്ള ഒത്തുകളിയായി മാറിയതായാണ് മറ്റു നിക്ഷേപകര്‍ ആരോപിക്കുന്നത്.ലീഗ് സംസ്ഥാനനേതൃത്വം മുന്‍കൈയെടുത്തു നടത്തിയ അനുരഞ്ജനശ്രമം ആദ്യദിനത്തില്‍ തന്നെ പാളിയതോടെ കൂടുതല്‍ നിക്ഷേപകര്‍ കേസുമായി രംഗത്തെത്തുകയാണ്.
ഇന്നലെ എട്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 63 ആയി.കേസില്‍ ക്രൈബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങിയി ദിവസങ്ങളായെങ്കിലും കമറുദ്ദീനെയോ പൂക്കോയ തങ്ങളെയോ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത പരിപാടികളിലുള്‍പ്പെടെ കമറുദ്ദീന് സജീവമായി പങ്കെടുക്കുകയും ചെയ്തു.പരാതികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ മെല്ലെപ്പോക്ക് ലീഗ്-സിപിഎം രഹസ്യധാരണയുടെ പുറത്താണെന്ന
ആരോപണവുമായി കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തന്നെ രംഗത്തെത്തിയിരുന്നു.തൃക്കരിപ്പൂരില്‍ കമറുദ്ദീന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം എസ്എഫ്ഐ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ കോളജിന് കണ്ണൂര്‍ സര്‍വകലാശാല വര്‍ഷാവര്‍ഷം അഫിലിയേഷന് പുതുക്കി നല്‍കിയത് സിന്‍ഡിക്കേറ്റ് അംഗമായ സിപിഎം നേതാവിന്റെ പിന്തുണയോടെയാണെന്ന വിവരം പുറത്തുവന്നതോടെ വീണ്ടും സിപിഎം പ്രതിരോധത്തിലായി.
ഇതേ നേതാവാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗ് നിയോഗിച്ച മധ്യസ്ഥനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി കഴിഞ്ഞ ദിവസം വിവാദത്തിലായതും.