കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ജ്വല്ലറിയുടെ ജനറല്‍ മാനേജരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ഇതാദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറി ഗ്രൂപ്പിന്റെ തലപ്പത്തുള്ള ഒരാളിനെ ചോദ്യം ചെയ്യുന്നത്. അതേസമയം എം.സി. ഖമറുദീന് എംഎല്‍എയും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങളുമുള്പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകര്‍ എംഡിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
ജ്വല്ലറി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചതും അത് വിനിയോഗിച്ച വഴികളും സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ അന്വേഷണസംഘം ജനറല്‍ മാനേജരോട് ആരാഞ്ഞതായാണ് വിവരം.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ എടുത്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ അന്വേഷണസംഘം എതിര് സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.
ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ ചന്തേര പോലീസ് സ്റ്റേഷനടുത്തുള്ള വീട്ടിലേക്കാണ് നിക്ഷേപകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്.
പരാതി നല്കി അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതെന്ന് അവര്‍ പറഞ്ഞു.
ജമാല്‍ പറമ്പത്ത്, ഇ. ബാലകൃഷ്ണന് (പഴയങ്ങാടി), പി.കെ. സബീന, എം.വി. ഫൗസിയ (പടന്ന കടപ്പുറം), കെ.കെ. സൈനുദ്ദീന്‍ (കാഞ്ഞങ്ങാട്), ലത്തീഫ് ഹാജി(കാടങ്കോട്), എന്‍. പി. നസീമ തുടങ്ങി 30 പരാതിക്കാരാണ് സാമൂഹിക അകലം പാലിച്ചുകൊണ്ട് മാര്‍ച്ചില്‍ പങ്കെടുത്തത്.
വീടിന്റെ ഗേറ്റിനു മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. 25 ന് എം.സി. ഖമറുദീന് എംഎല്‍എ യുടെ ഉപ്പളയിലെ ക്യാമ്പ് ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്ന് നിക്ഷേപകര്‍ പറഞ്ഞു.