കൊച്ചി: ഫാഷൻ മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന മോഡലുകൾക്ക് റാന്പിൽ പോലും വിശ്വസിച്ച് ചുവടുവയ്ക്കാൻ കഴിയില്ലെന്ന അവസ്ഥയായി. സർട്ടിഫിക്കറ്റിന്റെ പേരിൽ പോലും വൻ തട്ടിപ്പാണ് ഈ മേഖലയിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ നൽകിയ “ലോക റിക്കാർഡ്’ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ എറണാകുളത്തെ ഫ്രൻഡ്സ് ആൻഡ് ബ്യൂട്ടി ഗ്രൂപ്പിനെതിരേ മോഡലുകൾ പരാതിയുമായി രംഗത്തെത്തി.
മത്സരാർഥികളായ മോഡലുകളിൽനിന്നും മേക്കപ്പ് ആർട്ടിസ്റ്റുകളിൽനിന്നും വലിയ തോതിൽ പ്രതിഫലം വാങ്ങിയാണ് “ലോക റിക്കാർഡ്’ എന്ന പേരിലുള്ള സർട്ടിഫിക്കറ്റ് സംഘാടകർ നൽകിയത്.
ഇതിനായി പലരിൽനിന്നും ലക്ഷങ്ങൾ വരെ പ്രതിഫലം കൈപ്പറ്റി. കുട്ടികൾ വരെ ഇവരുടെ തട്ടിപ്പിനിരയായി.എഫ് ആൻഡ് ബിയുടെ നേതൃത്വത്തിൽ കൊച്ചിയിലും കോട്ടയത്തുമായാണ് പരാതി പ്രകാരമുള്ള “ലോക തട്ടിപ്പ്’ ഫാഷൻ ഷോകൾ നടന്നത്.
യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോർഡ്, ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ് എന്നീ ബഹുമതികൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഈ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഫാഷൻ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും വലിയ പ്രതിഫലം കിട്ടുമെന്നുമൊക്കെ പറഞ്ഞു വിശ്വാസിപ്പിച്ചാണ് പണം വാങ്ങിയതെന്ന് തട്ടിപ്പിനിരയായ മോഡലുകൾ പറഞ്ഞു.
ഈ ബഹുമതികളുടെ പേരിലാകും മോഡൽ രംഗത്ത് നിങ്ങൾ അറിയപ്പെടുകയെന്നും തട്ടിപ്പുകാർ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി വലിയ തോതിലുള്ള പ്രതിഫലം അവർ വാങ്ങി.
സർട്ടിഫിക്കറ്റുകളെ കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മോഡലുകൾ മനസിലാക്കിയത്. ഇത്തരമൊരു സർട്ടിഫിക്കറ്റ് നിലവിലില്ലെന്നും സർട്ടിഫിക്കറ്റിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തു നോക്കിയപ്പോൾ തങ്ങളുടെ പേരു വിവരങ്ങൾ അതിൽ കണ്ടില്ലെന്നും തട്ടിപ്പിനിരയായ ഒരു മോഡൽ വെളിപ്പെടുത്തി.
സംഭവത്തിൽ പോലീസിനും മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനുമൊക്കെ പരാതി നൽകിയിട്ടുണ്ട്.