നെടുങ്കണ്ടം: സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സമയവും സാഹചര്യവും തടസമല്ലെന്ന് തെളിയിക്കുകയാണ് നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനി സോഫിയ ജയിംസ്. സൗന്ദര്യമത്സര റാംപുകളില്‍ മിന്നും താരമായി മാറി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ സോഫിയ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന മിസിസ് ഇന്ത്യ ഗ്ലോബ് സീസണ് എട്ടില്‍ കിരീടം ചൂടി. 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ ഇവര്‍ സുവര്‍ണനേട്ടം കൈവരിച്ചത്.
കഴിഞ്ഞ മേയിൽ ജയ്പുരില്‍ നടന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ മികച്ച വ്യക്തിത്വത്തിനുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് പുരസ്കാരം, മിസിസ് കേരള വേദിയില്‍ ബ്യൂട്ടിഫുള്‍ സ്കിന്‍ ടൈറ്റില്‍, നവംബറില്‍ ഡല്‍ഹിയില്‍ നടന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലിസ്റ്റ് എന്നീ സ്വപ്ന തുല്യമായ നേട്ടങ്ങളാണ് ഇവര്‍ കൈവരിച്ചത്.
വനിതാദിനത്തോടനുബന്ധിച്ച് ഫോര്‍ എവര്‍ സ്റ്റാര്‍ ഇന്ത്യ നടത്തിയ സൂപ്പര്‍ വുമണ്‍ സൂപ്പര്‍ ഹിറോ മത്സരത്തിലെ മള്‍ട്ടി ടാലന്റ് പുരസ്കാരം, ദിവ പ്ലാനറ്റിന്റെ ഇന്‍സ്പിരേഷണല്‍ വുമണ്‍ റോള്‍ മോഡല്‍ പുരസ്കാരം… ഇങ്ങനെ പോകുന്നു സോഫിയയുടെ നേട്ടങ്ങളുടെ നിര.
എല്‍ഐസി നെടുങ്കണ്ടം ഡിവിഷനിലെ ഡെവലപ്മെന്റ് ഓഫീസറായ സോഫിയ മൂന്ന് കുട്ടികളുടെ അമ്മയായ ശേഷമാണ് കോളജ് കാലഘട്ടം മുതല്‍ ഒപ്പം ചേര്‍ന്ന ഫാഷന്‍ സ്വപ്നങ്ങളിലേക്ക് വീണ്ടും നടന്നുതുടങ്ങിയത്. ബില്‍ഡിംഗ് ഡിസൈനറായ കല്ലാര്‍ പനയ്ക്കല്‍ പി.ജെ. ഏബ്രഹാമാണ് ഭര്‍ത്താവ്. നെടുങ്കണ്ടം കൊല്ലംകുന്നേല്‍ ചാക്കോയുടെയും പരേതയായ ലീലയുടെയും മകളാണ്.