പുതിയ വസ്ത്രങ്ങളും മറ്റും പരിചയപ്പെടുത്താൻ ഫാഷൻഷോകൾ നടത്തുന്നത് പതിവാണ്. ഇവയ്ക്കായി മുഴുവൻസമയ ചാനലുകൾതന്നെയുണ്ട്. ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യേക പാദചലനങ്ങളോടെ ക്യാറ്റ് വാക്ക് നടത്തിയാണു മോഡലുകൾ വേദിയിലെത്തുന്നത്. വ്യത്യസ്തതയ്ക്കു വേണ്ടി ഇലകളും പേപ്പറും ചാക്കുമൊക്കെ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുന്നവരും ഇവരിലുണ്ട്.
ഗോ ഫിഷിംഗ് ഇന്തോനേഷ്യ എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട ഒരു ഫാഷൻ വീഡിയോ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. നേര്‍ത്ത കമ്പിയില്‍ അനവധി മത്തികൾ കോര്‍ത്തെടുത്തുള്ള വസ്ത്രം ധരിച്ച് തെരുവിലൂടെ നടക്കുന്ന യുവാവാണു വീഡിയോയിലുള്ളത്. നെഞ്ച് മുതല്‍ മുട്ടോളം എത്തുന്ന തരത്തിലാണ് കമ്പിയില്‍ മത്തി കോര്ത്തിട്ടിരിക്കുന്നത്.
കഴുത്തില്‍ മത്സ്യങ്ങള്‍ കോർത്ത് നിര്‍മിച്ച ഒരു മാലയും കൈയില്‍ വലിയൊരു മത്സ്യത്തെ കമ്പിയില്‍ കോര്‍ത്തുണ്ടാക്കിയ ഹാൻഡ് ബാഗുമുണ്ട്. 51 ലക്ഷം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതി. “അസംബന്ധം’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്. “അവിടെ പൂച്ചകളില്ലെന്നു തോന്നുന്നു’ എന്ന് മറ്റൊരാൾ തമാശയായി എഴുതി. ഫിഷും ഫാഷനും കൂട്ടിചേര്‍ത്ത് “ഫിഷന്’ എന്ന പുതിയൊരു വാക്കും വീഡിയോയ്ക്ക് താഴെ വന്നു.