അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരത്തിന് ഫഹദ് ഫാസില്‍ അര്‍ഹനായപ്പോള്‍ എല്ലാവരും പറഞ്ഞത്. കാരണം അത്രമേല്‍ പരിശ്രമവും അധ്വാനവും തന്റെ ഓരോ കഥാപാത്രങ്ങള്‍ക്ക് പിന്നിലും ഫഹദ് എടുക്കുന്നുണ്ടെന്നത് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞ് എല്ലാവര്‍ക്കുമറിയാം.
മാത്രവുമല്ല, സിനിമാ മേഖലയിലേയ്ക്ക് കടന്നുവന്ന കാലഘട്ടത്തില്‍ പരാജയത്തിന്റെ രുചികളാണ് ഫഹദിന് കൂടുതലും അനുഭവിക്കേണ്ടി വന്നതും. എന്നാല്‍ പരാജയം വിജയത്തിലേയ്ക്കുള്ള പവിട്ടുപടിയാണെന്ന പഴകിപ്പതിഞ്ഞ പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ച് ഫഹദ് നേടിയെടുത്തത് ചില്ലറ നേട്ടങ്ങളൊന്നുമല്ല.
മകന്റെ പുരസ്‌കാര നേട്ടമറിഞ്ഞ ശേഷം സംവിധായകന്‍ കൂടിയായ ഫാസില്‍ നടത്തിയ പ്രതികരണം അത് സ്ഥിരീകരിക്കുന്നു.
‘കൈയെത്തും ദൂരത്തു പരാജയപ്പെട്ട ശേഷം അമേരിക്കയില്‍ സിനിമയുടെ മറ്റൊരു ലോകത്തിലേക്കാണു ഫഹദ് പോയത്. സിനിമയുടെ എല്ലാം ക്ലാസിലൂടെ തന്നെ പഠിച്ചു. സംവിധാനമായിരുന്നു അവിടെ പഠനം. തിരിച്ചു വന്ന ഫഹദ് മറ്റൊരാളായിരുന്നു.
അല്‍പം പ്രതിനായകത്വമുള്ള വേഷങ്ങള്‍ക്ക് കഷണ്ടി കയറിത്തുടങ്ങിയ തല മേക്കപ്പില്ലാതെ ഉപയോഗിച്ചു. പച്ചമനുഷ്യരായ ഈ കഥാപാത്രങ്ങളെയും അതിനുള്ളിലെ നടനെയും ജനങ്ങള്‍ സ്വീകരിച്ചു. അങ്ങനെ നോക്കുമ്പോള്‍ ഇതവന്റെ മധുരപ്രതികാരമാണ്’. ഫാസില്‍ പറഞ്ഞു.