ഫാഷൻ ഷോകൾക്ക് പുതിയ മാനം പകർന്ന് സൗദി അറേബ്യയിൽ വ്യത്യസ്ത ഫാഷൻ ഷോ നടന്നു. റെഡ് കാർപ്പെറ്റിൽ ക്യാറ്റ്വാക്ക് നടത്തുന്ന സുന്ദരിമാർക്കു പകരം ഡ്രോണുകളാണ് പുതിയ വസ്ത്രങ്ങൾ അവതരിപ്പിച്ചത്.
ക്യാറ്റ്വാക്കിനു സമാനമായി വസ്ത്രങ്ങൾ അവതരിപ്പിക്കുന്ന ഡ്രോണുകളുടെ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ തരംഗമായി. പറക്കുന്ന ഡ്രോണുകളിൽ വസ്ത്രം തൂക്കിയായിരുന്നു ഈ പ്രത്യേക ഫാഷൻ ഷോ നടത്തിയത്.
സൗദി അറേബ്യയുടെ ഈ പ്രത്യേക ഫാഷൻ ഷോയെക്കുറിച്ച് രസകരമായ കമന്റുകളും ട്വിറ്ററിൽ നിറഞ്ഞിട്ടുണ്ട്. സൗദി അറേബ്യയിലെ ഫാഷൻ ഷോ ഒരു പ്രേത സിനിമ കാണുന്നതുപോലെയായിരുന്നെന്നാണ് ഒരു കമന്റ്. റംസാൻ മാസത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലാണ് സംഘാടകർ ഫാഷൻ ഷോ സംഘടിപ്പിച്ചതെന്ന് ദ ന്യൂസ് അറബ് റിപ്പോർട്ട് ചെയ്തു.
ഇവിടെ ആദ്യമായാണ് ഫാഷൻ ഷോകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ വർഷം ഏപ്രിലിലാണ് സൗദിയിൽ ആദ്യ ഫാഷൻ വീക്ക് സംഘടിപ്പിച്ചത്. റിയാദിൽ നടന്ന പരിപാടിയിൽ സുന്ദരികൾ ചുവടുവച്ചപ്പോൾ വനിതകൾ മാത്രമായിരുന്നു കാണികൾ.