നാദാപുരം: ചെക്യാട് ഉളളിപ്പാറക്കുളത്തില് മരിച്ച പിഞ്ചുമക്കളുടെയും മാതാവിന്റേയും മരണം ഒരു നാടിനെ കണ്ണീരിലാഴ്ത്തി.നാദാപുരം ചാലപ്രത്തെ പഴയ കോവുമ്മല്‍ റിഷാദിന്റെ ഭാര്യ ഫസ്ന (24) മക്കളായ യുകെജി വിദ്യാര്‍ഥിനി ആമിന ഹസ്റിന്‍ (5), എല്‍കെജി വിദ്യാര്‍ഥിനി റിസ നസ്നിന് (4) എന്നിവരാണ് മുങ്ങി മരിച്ചത്.
ചാലപ്രത്തെ വീട്ടില്‍ നിന്നും വട്ടോളി ഹൈടെക്ക് പബ്ലിക് സ്കൂള്‍ ബസില്‍ കുട്ടികളെ യൂണിഫോമില്‍ കയറ്റി വിട്ട് അല്പ സമയത്തിന് ശേഷം ബസ് ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടികളെ ഡോക്ടറെ കാണിക്കാനുണ്ടെന്ന് പറഞ്ഞ് രണ്ട് മക്കളെയും നാദാപുരം പോലീസ് സ്റ്റേഷന് സമീപത്ത് ഇറക്കാന്‍ ആവശ്യപ്പെടുകയും പിന്നാലെ ഓട്ടോറിക്ഷയിലെത്തിയ ഫസ്ന കുട്ടികളെയും കയറ്റി ചെക്യാട് സ്വന്തം വീടിന് സമീപത്തെ ഉളളിപ്പാറകുളത്തിന് സമീപമെത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെ എത്തിയ ഫസ്ന മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രഥമിക നിഗമനം. ക്വാറിക്ക് സമീപത്ത് വെച്ച് ഫസ്ന ഭര്‍തൃസഹോദരിയെ ഫോണില്‍ വിളിച്ച് പാറക്കുളത്തിന് സമീപം നില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നതായും പറയുന്നു.
വെളളത്തില്‍ ചാടിയ ശബ്ദം കേട്ട സമീപ വാസികളായ യുവാക്കള്‍ കുളത്തില്‍ പൊങ്ങി നില്ക്കുന്ന കുട്ടികളെ കണ്ടതോടെ കരക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. വാഹന സൗകര്യമില്ലാത്ത പ്രദേശമായതിനാല്‍ ബൈക്കില്‍ കയറ്റിയാണ് റോഡ് വരെ കുട്ടികളെ എത്തിച്ചതെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയ യുവാക്കള്‍ പറഞ്ഞു.
ഫസ്നയ്ക്കുവേണ്ടി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയും ചേലക്കാട്ട് നിന്ന് ഫയര്‍ ഫോഴ്സ് സ്കൂബ ടീം എത്തിയാണ് ഫസ്നയുടെ മൃതദേഹം നാല്പതടി താഴ്ചയില്‍ നിന്ന് പതിനൊന്ന് മണിയോടെ പുറത്തെടുത്തത്.
വടകര തഹസില്‍ദാര്‍ കെ.കെ.രവീന്ദ്രന് ,എഎസ്പി അങ്കിത്ത് അശോകന്,വളയം എസ്ഐ ആര്.സി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി രാത്രിയോടെ ചെക്യാട് ഫസ്നയുടെ വീട്ടിലെത്തിച്ച് ചെക്യാട് പളളിയില്‍ ഖബറടക്കി. ഉമ്മ ആയിഷ.സഹോദരങ്ങള്‍ : റാഷിദ് (ദുബൈ) നിസാര്‍, അന്‍വര്‍ (ദുബൈ), ഹാഷിം (ദുബൈ).മുനീര്‍ (ഖത്തര്‍) റിയാസ് (ഖത്തര്‍) ആഷിഫ, ഫിറോസ്.