സ്വന്തം ലേഖകൻ
പാലിയേക്കര: ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ നിരവധി വാഹനങ്ങളാണ് വരിയിൽ കുടുങ്ങിയത്.ഗതാഗത കരുരുക്ക് രൂക്ഷമായതിനെ തുടർന്ന് എഐവൈഎഫ് പ്രവർത്തകരെത്തി ടോൾബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.
പണം കൊടുത്ത് പോകുന്ന ട്രാക്കിലെ ടോൾ ബൂത്തുകളാണ് പ്രവർത്തകർ തുറന്നുകൊടുത്തത്. അര മണിക്കൂറിലേറെ ഇരുഭാഗത്തുള്ള രണ്ട് ബൂത്തുകൾ പ്രവർത്തകർ തുറന്നുകൊടുത്തു. ഫാസ്ടാഗ് ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാതെ യാത്രക്കാരെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് ഫാസ്ടാഗെന്നും എഐവൈഎഫ് ആരോപിച്ചു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി.കെ.വിനീഷ്, പ്രവർത്തകരായ വി.ആർ.രബീഷ്, പി.യു.ഹരികൃഷ്ണൻ, സന്തോഷ് എന്നിവരാണ് ടോൾ ബൂത്തുകൾ തുറന്നുകൊടുത്തത്.നേരത്തെ ഒരു ലൈനിലൂടെ മാത്രമാണ് ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
തിരക്കുള്ള സമയങ്ങളിലെങ്കിലും മറ്റ് ലൈനുകൾകൂടി തുറന്നു നൽകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടുവെങ്കിലും അധികൃതർ കൂട്ടാക്കിയില്ല. ഇതിനെ തുടർന്നാണ് എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.നിലവിൽ ഇരുവശത്തുമായി 12 ട്രാക്കുകളാണ് ഉള്ളത്.
ഇതിൽ ഇരുവശത്തുമായി ഓരോ ട്രാക്കുകളാണ് ടാഗില്ലാതെ വരുന്ന വാഹനങ്ങൾക്ക് കടന്ന് പോകാൻ സജ്ജീകരിച്ചിട്ടുള്ളത്. ഫാസ്ടാഗില്ലാതെ കൂടുതൽ വാഹനങ്ങൾ എത്തിയതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. ടോൾ ഇല്ലാതെ പോകുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മണിക്കൂറുകളോളം കാത്ത് കിടന്നാണ് ടോൾ പ്ലാസ മുറിച്ചുകടന്നത്.
ഇരുചക്രവാഹനങ്ങൾ ഫാസ്ടാഗ് ട്രാക്കുകളിലൂടെയും പഴയ ദേശീയപാതയേയും ആശ്രയിച്ചാണ് പോകുന്നത്. ടാഗില്ലാതെ ഫാസ്ടാഗ് ട്രാക്കുകളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ഇരട്ടിതുക ഈടാക്കിയിരുന്നു. എന്നാൽ ഫാസ്ടാഗ് ട്രാക്കുകളിൽ തിരക്ക് ഉണ്ടായിരുന്നില്ല.
ടോൾപ്ലാസകളിൽ തിങ്കളാഴ്ച അർധരാത്രി മുതലാണ് സന്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയത്. ട്രാക്കുകളിലെ സാങ്കേതികത്തകരാർ പരിഹരിച്ച ദേശീയപാത അഥോറിറ്റി വാഹനങ്ങൾക്ക് ഫാസ്ടാഗിലേക്ക് മാറാനനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ടോൾപ്ലാസയുടെ ഇരുവശത്തേക്കുമുള്ള 12 ട്രാക്കുകളും ഇതോടെ ഫാസ്ടാഗ് ട്രാക്കുകളായി മാറി.
ടോൾപ്ലാസക്കുസമീപം ഒട്ടുമിക്ക ബാങ്കുകളും ഫാസ്ടാഗ് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. നിലവിൽ പ്രാദേശിക സൗജന്യപാസ് ഉപയോഗിക്കുന്ന 44,000 വാഹനങ്ങളിൽ 12,000 വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറിയിട്ടുണ്ടെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു. ദിവസേന 5,000 പ്രാദേശിക വാഹനങ്ങളാണ് ടോൾപ്ലാസയിലൂടെ സൗജന്യയാത്ര നടത്തുന്നത്.