കോഴിക്കോട്: ഫാസ്ടാഗ് വഴിയുള്ള ടോൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാർ. അടുത്ത മാസം ഒന്നു മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കർ മാത്രമേ അനുവദിക്കൂ. കെവൈസി (Know Your Client) വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും 31നു പ്രവർത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
ഒന്നിലധികം ഫാസ്ടാഗുകള്‍ വേണ്ട
ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന പതിവുണ്ട്. ഇതു പലപ്പോഴും രണ്ടു തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. ഇനി മുതൽ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കിൽ ഡീആക്ടിവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.
എട്ടു കോടി വാഹനങ്ങളിൽ പ്രവര്‍ത്തനക്ഷമമായത് പകുതി മാത്രം. ബാലന്‍സ് ഉള്ളതും എന്നാല്‍ അപൂര്‍ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകള്‍ 31-ന് ശേഷം ബാങ്കുകള്‍ നിർജീവമാക്കും. അല്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തും എന്നാണ് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. രാജ്യത്ത് ഏകദേശം 8 കോടി വാഹനങ്ങളിൽ ഫാസ്ടാഗുണ്ട്. എന്നാൽ അതിൽ 4 കോടി മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളതെന്നും 1.2 കോടി ഫാസ്ടാഗുകൾ വ്യാജമാണെന്നും മന്ത്രാലയം അറിയിക്കുന്നു.
ഫാസ്ടാഗിന്റെ സ്റ്റാറ്റസ് അറിയാം
അതത് ബാങ്കിൽ ഫാസ്ടാഗ് സൈറ്റിൽ ലോഗിൻ ചെയ്ത് കസ്റ്റമർ പ്രൊഫൈൽ പരിശോധിച്ചാൽ കെവൈസി ചെയ്തതാണോ എന്ന് അറിയാൻ സാധിക്കും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഐഡി ടൈപ്, ഐഡി പ്രൂഫ് നമ്പർ, ഐഡി പ്രൂഫ് ഫോട്ടോ എന്നിവ നൽകിയാൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. പരമാവധി ഏഴ് പ്രവൃത്തിദിവസങ്ങളാണ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടിവരുന്നത്. ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവ ഐഡി പ്രൂഫായും അഡ്രസ് ഫ്രൂഫായും സ്വീകരിക്കും.
ഫാസ്ടാഗ് എന്നാല്‍
പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹന ഉടമയുടെ അക്കൗണ്ടില്‍നിന്ന പണം ഡെബിറ്റ് ആകും. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില് ഉപയോഗിച്ചിരിക്കുന്നത്.