ബെയ്ജിംഗ്: കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ സ്വന്തമാക്കി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു മെസിയുടെ സൂപ്പർ ഫാസ്റ്റ് ഗോൾ.
ലയണൽ മെസിയും ജർമയ്ൻ പെസെല്ലയും (68’) നേടിയ ഗോളുകളുടെ ബലത്തിൽ അർജന്റീന 2-0ന് ഓസ്ട്രേലിയയെ കീഴടക്കി.
അതിവേഗ ഗോൾ
ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളിനാണ് ബെയ്ജിംഗ് വർക്കേഴ്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
79-ാം സെക്കൻഡിലായിരുന്നു മെസിയുടെ ഗോൾ. എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽനിന്ന് ഡി സർക്കിളിനുള്ളിൽവച്ച് ഇടംകാൽകൊണ്ട് എടുത്ത മിന്നും ഷോട്ടിലൂടെയായിരുന്നു മെസി ഓസ്ട്രേലിയൻ വലകുലുക്കിയത്.
68-ാം മിനിറ്റിൽ ഡിപോളിന്റെ അസിസ്റ്റിൽ പെസെല്ലയും ഗോൾ നേടിയതോടെ അർജന്റൈൻ ജയം 2-0നായി.
ഗോൾ നന്പർ
മുപ്പത്തിയഞ്ചുകാരനായ ലയണൽ മെസിയുടെ രാജ്യാന്തര കരിയറിലെ 103-ാം ഗോളാണ് ഓസ്ട്രേലിയയ്ക്കെതിരേ പിറന്നത്. 109 രാജ്യാന്തര ഗോളുമായി ലോക ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ഇറാന്റെ അലി ദേയിക്കടുത്തേക്ക് എത്തുകയാണ് മെസി.
അർജന്റീനയ്ക്കായി തുടർച്ചയായ ഏഴാം മത്സരത്തിലാണ് മെസി ഗോൾ നേടുന്നത്. അവസാനം കളിച്ച 14 മത്സരങ്ങളിൽ 22 ഗോളും അഞ്ച് അസിസ്റ്റും ലയണൽ മെസി നടത്തിയെന്നതും ശ്രദ്ധേയം.
ചൈനീസിൽ മെസി
ചൈനയിലെ ആരാധകരെ ആവേശത്തിലാക്കി അർജന്റൈൻ ടീം ജഴ്സിയിൽ കളിക്കാരുടെ പേര് ചൈനീസിലായിരുന്നു എന്നതും ശ്രദ്ധേയം.
ഓസ്ട്രേലിയൻ താരങ്ങൾ ആറു പേർ അണിനിരന്ന് മെസിക്കു തടയിടാൻ ശ്രമിച്ചെങ്കിലും അവരെയെല്ലാം കബളിപ്പിച്ച് പന്തുമായി മുന്നേറുന്ന മെസി ഗാലറിയെ നീലത്തിരമാലയിലാഴ്ത്തി. 51,385 കാണികളാണു വർക്കേഴ്സ് സ്റ്റേഡിയത്തിൽ നിറഞ്ഞത്.