ഉപവാസത്തിലൂടെ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തി ന്റെ ഫലമാണു നല്കുന്നത് ( purification, clean cing effect). ഉപവാസകാലത്തു വിഷമാലിന്യങ്ങൾ ശരീരകോശങ്ങളിൽ നിന്നു നീക്കംചെയ്യപ്പെടുന്നു.
ഡീ ടോക്സിഫിക്കേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. വിവിധ അവയവങ്ങളിലെ മാലിന്യങ്ങൾ പുറന്തളളാൻ പറ്റിയ സന്ദർഭമായി ശരീരം ഉപവാസകാലത്തെ പ്രയോജനപ്പെടുത്തുന്നു.
കഞ്ഞി, പഴങ്ങൾ
ഉപവാസത്തിനു ശേഷം സാധാരണയായി ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകൾ, പഴങ്ങൾ തുടങ്ങിയവയാണ്. ഇത്തരം വിഭവങ്ങൾ പോഷകസമൃദ്ധം. വളരെ പെട്ടെന്നു ദഹിക്കും. ആന്റി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളമുളള ഇത്തരം വിഭവങ്ങൾ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നു. ഉപവാസത്തിനു ശേഷം വളരെ പെട്ടെന്നു ശരീരത്തിന് ഉൗർജം തിരിച്ചുകിട്ടാൻ സഹായകം.
പഴച്ചാറുകൾ
ഉപവാസശേഷം ധാരാളം വെള്ളം കുടിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ അതു സഹായകം. പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ എന്നിവ കഴിക്കാം. പഴച്ചാറുകൾ കഴിക്കുന്പോഴും വളരെ വേഗം ശരീരത്തിന് ഉർജം കിട്ടുന്നു. ഗ്ലൂക്കോസ് നല്കുന്ന ഫലമാണു പഴച്ചാറുകൾ നല്കുന്നത്.
ആരോഗ്യപ്രശ്നങ്ങളുള്ളവർ…
എന്നാൽ പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുന്പ് കണ്സൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും അക്കാര്യത്തിൽ ഉപേക്ഷ പാടില്ല. ഭക്ഷണത്തിനു മുന്പും ശേഷ വും കഴിക്കേണ്ട മരുന്നുകളുണ്ട്.
തുടർച്ചയായി ഏതാനും മണിക്കൂറുകൾ ഭക്ഷണം ഉപേക്ഷിക്കുന്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ചിലരിൽ അസാധാരണ നിലയിൽ കുറയാൻ സാധ്യത ഏറെയാണ്. ക്ഷീണം, തലചുറ്റൽ സാധ്യതയുമുണ്ട്.
ഈന്തപ്പഴം കഴിക്കുന്പോൾ
ഉപവാസത്തിനു ശേഷം കഴിക്കാറുള്ള ഈന്തപ്പഴം പോലെയുളള വിഭവങ്ങൾ ശരീരത്തിനു തുടർച്ചയായി കായികവും മാനസികവുമായ കരുത്തു പകരുന്നു. ഈന്തപ്പഴത്തിൽ ഇരുന്പ് ധാരാളം. മധുരമുണ്ട്. ഇരുന്പ് അടങ്ങിയതിനാൽ തൽക്ഷണം ഉയർന്ന കലോറി ഉൗർജം കിട്ടുന്നു. അതു ക്ഷീണമകറ്റും. ഫ്രഷ് ഈന്തപ്പഴം ഗുണപ്രദം. പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം
നട്സ് കഴിച്ചാൽ…
ഉപവാസശേഷം കഴിക്കാൻ പറ്റിയ മറ്റൊരു വിഭവമാണ് നട്സ്. നട്സിൽ ഉയർന്ന കലോറി ഉൗർജമുണ്ട്. മിതമായി കഴിക്കുക. 100 ഗ്രാം നട്സ് കഴിച്ചാൽ ഏതുതരം നട്സാണെങ്കിലും 550 കാലറിയോളം ഉൗർജം കിട്ടും. പക്ഷേ, നട്സ് കഴിച്ചാൽ തൂക്കം കൂടും. അതിനാൽ അമിതമായി കഴിക്കരുത്.
നട്സിലുളള കൊളസ്ട്രോൾ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിനു ഗുണപ്രദം. പ്രത്യേകിച്ചും വാൽനട്ടും ബദാം പരിപ്പും. പയറു വർഗത്തിൽപ്പെട്ട നിലക്കടലയും നല്ലതാണ്. 100 ഗ്രാമിൽ 550 കലോറി ഊർജം അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടീനും ബി കോംപ്ലക്സും ധാരാളം.
എന്നാൽ അധികമാകരുത്, ഒരുപിടി കഴിക്കാം. അതായത് 40 ഗ്രാം വരെ ദിവസവും കഴിക്കാം. അഥവാ രണ്ടു ടേബിൾ സ്പൂണ്. കാഷ്യു നട്സും നല്ലതാണ്. എന്നാൽ ഉപ്പു ചേർത്തു റോസ്റ്റ് ചെയ്തത് ഒഴിവാക്കണം. റോസ്റ്റഡ് വിഭവങ്ങളിൽ കാലറി കൂടുതലാണ്. ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നതും അപകടം.
അമിത കൊഴുപ്പ് കുറയുമോ?
ശരീരം നേരത്തേ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് ഉൗർജമെടുത്താണ് ഉപവാസമണിക്കൂറുകളിൽ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നത്്. അതിനാൽ ഉപവാസത്തിനു ശേഷം രണ്ടുമൂന്നു കിലോ വരെ തൂക്കം കുറയാറുണ്ട്.
ഉപവാസകാലത്തു പൊതുവെ കുറഞ്ഞ കലോറിയാണു ലഭിക്കുന്നത്. ഒരു ദിവസം ആവശ്യമായ ആകെ കലോറി ഉൗർജം പൂർണമായും ഉപവാസദിവസങ്ങളിൽ കിട്ടാറുമില്ല. അപ്പോൾ ശരീരത്തിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പ് ഉൗർജത്തിനായി ചെലവാക്കും. അമിത കൊഴുപ്പ് ഉൗർജമായി മാറുന്നു.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്