തൃശൂർ: പാലിയേക്കര അടക്കം എല്ലാ ടോൾ പ്ലാസകളിലും ഫാസ്റ്റാഗ് ബുധനാഴ്ച പ്രാബല്യത്തിലാകും. ഫാസ്റ്റാഗ് എടുക്കാത്ത വാഹനങ്ങൾക്കായി ടോൾ പ്ലാസയിൽ ഒറ്റ പ്രവേശന കവാടമേ ഉണ്ടാകൂ. നിലവിലുള്ള വാഹനങ്ങളിൽ പകുതിയോളവും ഫാസ്റ്റാഗ് എടുക്കാത്തവയാണ്.
ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അതിനായുള്ള ട്രാക്കിൽ കയറിയാൽ ഇരട്ടി ടോൾ നൽകേണ്ടിവരും. ഫാസ്റ്റാഗ് അല്ലാത്ത ഒറ്റ ട്രാക്കിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. ഇത് സംഘർഷങ്ങൾക്കും സമയനഷ്ടത്തിനും വഴിവച്ചേക്കും.
തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ഒരു ദിശയിലേയ്ക്കു മാത്രം വാഹനങ്ങൾക്കു പോകാൻ ആറു ട്രാക്കുകളുണ്ട്. ഇതിൽ, അഞ്ചു ട്രാക്കും ബുധനാഴ്ച മുതൽ ഫാസ്റ്റാഗ് വണ്ടികൾക്കു മാത്രമാക്കി സജ്ജീകരിച്ചു കഴിഞ്ഞു. ദിവസം അരലക്ഷത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയാണിത്.
ടോൾ പ്ലാസയുടെ പത്തു കിലോമീറ്റർ ചുറ്റളവിലെ താമസക്കാരുടെ വാഹനങ്ങൾക്കു സൗജന്യ നിരക്കിൽ ഫാസ്റ്റാഗ് നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. എങ്കിലും ഈ വിഭാഗത്തിലുള്ളവരിൽ മൂന്നിലൊന്നു വാഹനങ്ങളും ഫാസ്റ്റാഗ് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്കായുള്ള ട്രാക്കിൽ വാഹനക്കുരുക്കു കിലോമീറ്ററുകളോളം നീളാൻ സാധ്യതയുണ്ട്. ഇങ്ങനെയായാൽ ഒരു ഫാസ്റ്റാഗ് ട്രാക്കുകൂടി ടോൾ പിരിവു നടത്തുന്ന ട്രാക്കായി മാറ്റാൻ നിർബന്ധിതരാകും.
ടോൾപ്ലാസയ്ക്കു സമീപം ഫാസ്റ്റാഗ് കാർഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ഫാസ്റ്റാഗ് ലഭിക്കാൻ ആർസി ബുക്കുമായി ടോൾ പ്ലാസയിൽ വരി നിൽക്കുന്നവരുടെ എണ്ണം രണ്ടു ദിവസമായി വർധിച്ചിരിക്കുകയായിരുന്നു. കാർ അടക്കമുള്ള വാഹനങ്ങളുടെ ഡീലർമാർ ഫാസ്റ്റാഗ് സഹിതമാണ് വാഹനങ്ങൾ വിൽക്കുന്നത്. വാഹന ഡീലർമാർ പഴയ വാഹനങ്ങൾക്കും ഫാസ്റ്റാഗ് ഏർപ്പെടുത്തിക്കൊടുക്കുന്നുണ്ട്.
ശരിയായ ധാരണ ഇല്ലാത്തതിനാലാണ് നിലവിലുള്ള വാഹന ഉടമകൾ ഫാസ്റ്റാഗ് ഏർപ്പെടുത്താതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടോൾ പ്ലാസയിൽ കുടുങ്ങുന്ന അനുഭവങ്ങളുണ്ടാകുന്പോൾ സ്വയം ഫാസ്റ്റാഗിലേക്കു വരുമെന്നാണ് ഇവരുടെ അഭിപ്രായം.