സ്വന്തം ലേഖകൻ
പാലിയേക്കര: ടോൾപ്ലാസയിൽ ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നതോടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട ക്യൂവിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷം. എറണാകുളം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആന്പല്ലൂർ ജംഗ്ഷൻ മുതൽ ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുകയാണ്. തൃശൂർ-മണ്ണൂത്തി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മേൽപ്പാലം മുതൽ കുരുങ്ങിക്കിടക്കുകയാണ്. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമെടുത്താണ് ഈ വാഹനങ്ങൾ ടോൾപ്ലാസക്കരികിലെത്തുന്നത്.
ഫാസ്ടാഗ് നിലവിൽ വന്നതോടെ അനിയന്ത്രിത തിരക്കാണ് ടോൾ പ്ലാസയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാസ്ടാഗ് നടപ്പാക്കിയതിനെതിരെ മറ്റു പ്രതിഷേധങ്ങളൊന്നും ടോൾപ്ലാസയിൽ ഇതുവരെയുമുണ്ടായിട്ടില്ല. ഫാസ്ടാഗ് എടുത്ത വാഹനങ്ങളേക്കാൾ അവ എടുക്കാത്ത വാഹനങ്ങളാണ് കൂടുതലെന്ന് ടോൾപ്ലാസയിലെ നീണ്ട ക്യൂ വ്യക്തമാക്കുന്നു. ഫാസ്ടാഗ് കൗണ്ടറുകളിൽ തിരക്ക് നന്നേ കുറവാണ്. പൈസ കൊടുത്തു കടന്നുപോകുന്ന കൗണ്ടറുകളിലാണ് തിരക്കേറെ. ഫാസ്ടാഗ് കൗണ്ടറുകൾ കൂടുതലും പണം നൽകി കടന്നുപോകേണ്ട ട്രാക്കുകൾ കുറവുമായതിനാലാണ് തിരക്കേറിയത്.
ആകെ രണ്ടു ഭാഗത്തേക്കുമായി ആറുവീതം പന്ത്രണ്ട് ട്രാക്കുകളാണ് ടോൾപ്ലാസയിലുള്ളത്. ഇതിൽ ഇന്നുരാവിലെ പത്തിന് എട്ടു ട്രാക്കുകൾ ഫാസ്ടാഗിനായി മാറ്റിവെച്ചു. വൈകുന്നേരത്തോടെ പത്തു ട്രാക്കുകളിലേക്ക് ഫാസ്ടാഗ് സംവിധാനം വ്യാപിപ്പിക്കും. ഇതോടെ ഇരുഭാഗത്തേക്കുമായി ഓരോ ട്രാക്ക് വീതം രണ്ടു ട്രാക്കുകൾ മാത്രമായിരിക്കും പ്രദേശവാസികൾക്കും പണം നൽകി പോകുന്നവർക്കുമുണ്ടാവുക. ഇതോടെ തിരക്ക് ക്രമാതീതമായി വർധിക്കും. ഫാസ്ടാഗുള്ള വാഹനങ്ങൾക്ക് രൂക്ഷമായ ഗതാഗതക്കുരുക്കുമൂലം ട്രാക്കിലേക്ക് കയറാൻ ഏറെ പാടുപെടേണ്ട വരുന്നുണ്ട്.
കുരുക്കിനെ മറികടന്ന് ട്രാക്കിലേക്ക് കയറാൻ ഏറെ ബുദ്ധിമുട്ടിയെന്ന് ഫാസ്ടാഗുള്ള വാഹനങ്ങളുമായി എത്തിയവർ പറഞ്ഞു. ഗതാഗതക്കുരുക്ക് അതിരൂക്ഷമായപ്പോൾ ഇടയ്ക്ക് പോലീസ് എമർജൻസി ട്രാക്ക് തുറന്നുകൊടുത്ത് ചില വണ്ടികൾ കടത്തിവിട്ട് തിരക്ക് കുറച്ചു. ഫാസ്ടാഗ് ട്രാക്കിലേക്ക് തെറ്റിക്കയറി വരുന്ന വാഹനങ്ങൾ തിരിച്ചുവിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ട്രാക്ക് തെറ്റിച്ച് വരുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും രാവിലെ പിഴ ഈടാക്കിയില്ല.
ഗതാഗതക്കുരുക്കിൽ ആംബുലൻസുകളും കുടുങ്ങി. നാൽപ്പത്തി അയ്യായിരത്തോളം വാഹനങ്ങളാണ് പ്രതിദിനം പാലിയേക്കര ടോൾപ്ലാസ വഴി ഇരുവശത്തേക്കുമായി കടന്നുപോകുന്നത്. ദേശീയപാത അതോറിറ്റി അധികൃതരുടെ മേൽനോട്ടത്തിലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നേരത്തേ രണ്ട് തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട സംവിധാനമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ദേശീയപാത അതോറിറ്റിയുടേയും കണ്സഷൻ കന്പനിയുടേയും കർശന നിർദേശത്തോടെയാണ് ഇത്തവണ ഫാസ്ടാഗ് നടപ്പാക്കുന്നത്.
നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ ഫാസ്ടാഗ് നടപ്പാക്കിയപ്പോൾ തന്നെ സൗജന്യ ട്രാക്കുകളിൽ വാഹനത്തിരക്ക് നിയന്ത്രണാധീതമാവുകയും പരീക്ഷണം പാളുകയുമായിരുന്നു. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരമാണ് ട്രാക്കുകൾ പഴയപടിയാക്കിയത്.പാലിയേക്കരയിൽ ഇപ്പോൾ പ്രതിദിനം ടോൾപ്ലാസ കടന്നു പോകുന്ന നാൽപ്പത്തി അയ്യായിരത്തോളം വാഹനങ്ങളിൽ 13000 വാഹനങ്ങൾ ഫാസ്ടാഗ് വിനിയോഗിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നിലവിലെ വാഹനങ്ങളുടെ 70 ശതമാനം ഇപ്പോഴും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ല. 80 ശതമാനമെങ്കിലും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയാൽ മാത്രമേ ടോൾപാതയിൽ സുഗമയാത്ര സാധ്യമാകൂ. അല്ലെങ്കിൽ ടോൾപിരിവു കേന്ദ്രത്തിനു മുന്നിൽ കാത്തു കിടക്കുകയല്ലാതെ വേറെ വഴിയുണ്ടാവില്ല.