സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ ടോൾപ്ലാസകളിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് റീഡറുകളുടെ ഗുണനിലവാരം കുറവെന്ന സംശയം ശക്തമാകുന്നു.
ഫാസ്ടാഗ് എടുത്തവരുടെ അക്കൗണ്ടിൽ പണമുണ്ടായിട്ടും ടോൾപ്ലാസകളിലെത്തുന്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ള റീഡർ ശരിയായി പ്രവർത്തിക്കാത്തതു മൂലം ഫാസ്ടാഗ് റീഡിംഗ് നടക്കാത്ത സംഭവങ്ങൾ പലയിടത്തും ആവർത്തിക്കപ്പെടുകയാണ്.
ഇതോടെയാണ് റീഡറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുയർന്നിരിക്കുന്നത്.
അക്കൗണ്ടിൽ പണമുണ്ടായിട്ടും ഫാസ്ടാഗ് റീഡർ അത് റീഡ് ചെയ്യാത്തതുമൂലം പലർക്കും കൈയിൽ നിന്നു പണം നേരിട്ട് അടച്ച് ടോൾപ്ലാസകൾ കടന്നുപോകേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്.
അൽപസമയത്തിനു ശേഷം ഫാസ്ടാഗിൽനിന്നു പണം പോകുകയും ചെയ്യുന്നു.
രണ്ടു തവണ പൈസ അടക്കേണ്ട സ്ഥിതിയാണ് പലർക്കുമുണ്ടായത്. നേരിട്ടടച്ച പണം തിരികെക്കിട്ടാൻ പിന്നെയും തർക്കിക്കേണ്ട ഗതികേടാണെന്ന് യാത്രക്കാർ പറയുന്നു.
സംസ്ഥാനത്തെ ടോൾപ്ലാസകളിൽ ഇത്തരം പ്രശ്നങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പുള്ള യാത്രക്കാർ നേരിട്ടു പണം നൽകാൻ തയാറാവുന്നില്ല.
എന്നാൽ പൈസ കിട്ടാതെ കടത്തിവിടില്ലെന്ന കടുംപിടിത്തമാണ് ടോൾപ്ലാസയിലുള്ളവർ കൈക്കൊള്ളുന്നത്.
കുടുംബവുമായി പോകുന്നവരെ പോലും ഇത്തരത്തിൽ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലാണ് ടോൾ പ്ലാസയിലുള്ളവരുടെ പെരുമാറ്റമെന്ന് നിരവധി പേരാണ് പരാതി പറയുന്നത്.
ഫാസ്ടാഗ് റീഡറുകളെ വിശ്വസിച്ച് യാത്ര പോകാൻ കഴിയാത്ത സ്ഥിതിയാണ് വരുന്നത്.
ടോൾപ്ലാസ അധികൃതരും യാത്രക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ മൂലം പലപ്പോഴും ഫാസ്ടാഗ് ട്രാക്കിൽ വാഹനങ്ങളുടെ നീണ്ട വരി രൂപപ്പെടുന്നതും മറ്റൊരു പ്രശ്നമാണ്.
പോലീസ് പറയുന്നു
ടോൾപ്ലാസ വഴി കടന്നുപോകുന്ന യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ചും തർക്കങ്ങൾ സംബന്ധിച്ചും പോലീസിൽ പരാതി നൽകാവുന്നതാണ്.
കുടുംബവുമായി ടോൾപ്ലാസ വഴി കടന്നുപോകുന്ന വാഹനങ്ങളിലുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ടോൾപ്ലാസയിൽ ഡ്യൂട്ടിയിലുള്ള പോലീസിന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
അക്കൗണ്ടിൽ പണമുണ്ടായിട്ടും സാങ്കേതിക പ്രശ്നം കാരണം ഫാസ്ടാഗിൽ നിന്നു പണം കൈമാറാതെ വരികയും നേരിട്ട് പണം നൽകേണ്ടി വരികയും ചെയ്യുന്പോൾ അക്കാര്യവും പോലീസിൽ പരാതിപെടാം.
ഇ മെയിൽ വഴി പരാതി അയച്ചാലും മതി. വിലാസവും ഫോണ് നന്പറും ഉണ്ടായിരിക്കണം.
പണം നേരിട്ടടച്ചതിന് ശേഷം ഫാസ് ടാഗ് അക്കൗണ്ടിൽ നിന്ന് പണം പോയാൽ രേഖകൾ പരിശോധിച്ച് പണം തിരികെനൽകാനും സാധിക്കുമോ എന്ന് പരിശോധിക്കും.
സർവീസ് പ്രൊവൈഡർക്കും റോളുണ്ട്
ഫാസ്ടാഗ് വഴി പണം രണ്ടുതവണ ഈടാക്കി, ഫാസ് ടാഗ് അക്കൗണ്ടിൽ പണം ഉണ്ടായിട്ടും കടന്നു പോകാനായില്ല തുടങ്ങി പരാതികൾ ഉണ്ടാകുന്പോൾ ഏതു സർവീസ് പ്രൊവൈഡറുടേതാണോ നമ്മുടെ ഫാസ്ടാഗ്, അവരുടെ കസ്റ്റമർ കെയർ നന്പറിൽ ബന്ധപ്പെട്ട് പരാതി പരിഹരിക്കാം.
ഫാസ്ടാഗ് റീഡർ റീഡ് ചെയ്തില്ലെങ്കിൽ
ഏതെങ്കിലും കാരണത്താൽ റീഡ് ചെയ്യുന്നില്ലെങ്കിൽ ടോൾ പ്ലാസ ഉദ്യോഗസ്ഥരുടെ ഹാൻഡ് റീഡർ ഉപയോഗിക്കാൻ യാത്രക്കാർക്ക് ആവശ്യപ്പെടാം.
പണം കൈമാറ്റം ചെയ്യപ്പെട്ടാലുടൻ ബന്ധപ്പെട്ട മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും.