തൃശൂർ: നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് വൈദികൻ ബാന്‍ഡ് കൊട്ടിയതു സമൂഹമാധ്യമങ്ങളിൽ വൈറലായി.
നെല്ലിക്കുന്ന് പള്ളിയിലെ അസി. വികാരി ഫാ. പ്രതീഷ് കല്ലറയ്ക്കലാണു ചാലക്കുടി കൈരളി ബാൻഡ് സംഘത്തിനോപ്പം ഡ്രംസ് വായിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയത്.
നെല്ലിക്കുന്ന് പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ച തിരിഞ്ഞുള്ള ദിവ്യബലിക്കുശേഷം മൂന്നുമണിക്കൂർ കൈരളിയുടെ ബാന്‍ഡ് വാദ്യം ഉണ്ടായിരുന്നു.
തിരുനാളിനെത്തിയ ബന്ധുമിത്രാദികളെ യാത്രയാക്കിയശേഷമാണു ബാൻഡ് മേളം ആസ്വദിക്കാനായി അവസാന അരമണിക്കൂർ നേരം പ്രതീഷച്ചനെത്തിയത്.
ആവശ്യപ്പെട്ട ഗാനങ്ങൾ വായിക്കുന്നതു താളബോധത്തോടെ ആസ്വദിക്കുന്ന അച്ചനെ കണ്ട ബാന്‍ഡ് ട്രൂപ്പിലെ കിരൺ അച്ചനൊന്നു വായിക്കണോ എന്നു ചോദിച്ചു.
നിങ്ങൾക്കു വിരോധമില്ലെങ്കിൽ കരക്കൈ നോക്കാം എന്ന മറുപടിയിൽ ബാൻഡ് മാഷ് വിജയന്റെ സമ്മതത്തോടെ അടുത്ത പാട്ടിൽ വായിച്ചു.
ജനങ്ങളും ട്രൂപ്പ് അംഗങ്ങളും പ്രോത്സാഹിപ്പിച്ചപ്പോൾ തുടർന്നുള്ള വിശുദ്ധനായ സെബസ്ത്യാ നോസേ എന്ന ഗാനവും ജനഗണമനയും വായിച്ചശേഷമാണു പ്രതീഷച്ചൻ ഉദ്യമത്തിനു വിരാമമിട്ടത്.
കീബോർഡ് വായിക്കുന്ന ഫാ. പ്രതീഷ് വർഷങ്ങളായി വയലിനും ഗിറ്റാറും പഠിക്കുന്നുണ്ട്. അച്ചന്റെ അങ്കിൾ പരേതനായ ലോനക്കുട്ടി വരന്തരപ്പിള്ളി ബാൻഡ് സെറ്റിലെ അംഗമായിരുന്നു.
അതിനാൽതന്നെ കുഞ്ഞുനാളിലേ ബാൻഡ് വാദ്യം ആസ്വദിക്കുന്നതു ശീലമായിരുന്നെന്നും താളബോധം ഉള്ളിലുണ്ടെന്നും പ്രതീഷച്ചൻ പറഞ്ഞു.
കൈരളി ബാൻഡ് സെറ്റിന്റെ ചരിത്രത്തിലാദ്യമായാണു പുറത്തുനിന്നൊരാൾ വായിക്കുന്നതെന്നു ട്രൂപ്പ് അംഗങ്ങൾ പറഞ്ഞു.