മെഡിക്കല്‍കോളജ്: തലസ്ഥാന നഗരിയിലെ തിരക്കേറിയ പാതയിലൂടെ ജീവനും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകളില്‍ ഒന്നിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു ളോഹയിട്ട മനുഷ്യനെ കണ്ടാല്‍ ആരും ഞെട്ടണ്ട.
അത് ഫാ.ജോസഫ് ചക്കാലക്കുടിയില്‍ ആണ്. കാഞ്ഞിരംപാറ ബെന്‍സിജര്‍ ഹോമിന്റെ ഡയറക്ടര്‍. നാല് മാസ്റ്റര്‍ ബിരുദവും ഇംഗ്ലീഷില്‍ ഡോക്ടറേറ്റുമുണ്ട്. ഇടുക്കി അണക്കര സ്വദേശിയായ ജോസഫ് അച്ചന്. പക്ഷേ, അടിസ്ഥാന യോഗ്യത മനുഷ്യസ്നേഹമെന്ന് അച്ചന് അടിവരയിട്ട് പറയുന്നു.
സമര്‍പ്പിത ജീവിതം എന്തെന്ന് കര്‍മം കൊണ്ട് അടയാളപ്പെടുത്തുന്ന പുരോഹിതന്. തിരുവനന്തപുരം ആര്‍സിസിയില്‍ എത്തുന്ന രോഗികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കാനാണ് 2019-ല്‍ ബെന്‍സിജര്‍ ഹോം ആരംഭിക്കുന്നത്. പ്രതിമാസം ആയിരത്തിലേറെ രോഗികളാണ് ഇവിടെ അഭയം തേടിയെത്തുന്നത്.
ഇവിടെ നിന്ന് ആര്‍സിസിയിലേക്കുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം ദിവസേന പോയിവരാനുള്ള രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സ്ഥാപനത്തിനുവേണ്ടി ആംബുലന്‍സ് വാങ്ങിയത്.ഡ്രൈവറുടെ ശമ്പളം ബാധ്യതയായി വന്നപ്പോള്‍ സാരഥ്യം ജോസഫ് അച്ചന് ഏറ്റെടുത്തു.
ഹോമിലെത്തുന്ന രോഗികള്‍ക്ക് മാത്രമല്ല അച്ചന്റെ ആംബുലന്‍സ് സേവനം.സമീപവാസികളില്‍ നിന്നും ചില ആശുപത്രികളില്‍ നിന്നുമൊക്കെ ജോസഫ് അച്ചന്റെ മൊബൈലിലേക്ക് അത്യാഹിത വിളിയെത്തുന്പോൾ അച്ചൻ കർമനിരതനാകും.