ഒരു നേരത്തെ ആഹാരം കഴിക്കാനില്ലാത്തവര്‍ക്ക് വിശപ്പകറ്റാനായി എന്തെങ്കിലും നല്‍കുന്നതിലും വലിയ നന്മയില്ല. ധാരാളം ആളുകള്‍ പലരീതിയില്‍ ഇത്തരക്കാരുടെ വിശപ്പകറ്റാന്‍ സഹായിക്കുന്നുണ്ട്. സ്വന്തം കൈകൊണ്ട് പാകം ചെയ്ത് തെരുവില്‍ അലയുന്നവര്‍ക്ക് വിതരണം ചെയ്യുന്നവര്‍ പോലുമുണ്ട്. സമാനമായ രീതിയില്‍ തെരുവില്‍ അലയുന്നവര്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഒരച്ഛനും മകനും. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ വ്യത്യസ്തരാണ്. ചോറും കറിയുമൊന്നുമല്ല ഇവര്‍ ഒരുക്കുന്നത്, 1000 മുട്ടകളാണ് സവാളയും എണ്ണയും മസാലയുമെല്ലാം ചേര്‍ത്ത് വറുത്തെടുത്ത് മികച്ച രീതിയില്‍ പായ്ക്ക് ചെയ്ത് അര്‍ഹരായവര്‍ക്ക് നല്‍കുന്നത്.
വലിയ പാത്രത്തില്‍ മുട്ട പാചകം ചെയ്യുന്നതിന്റെ വീഡിയോ വില്ലേജ് ഫൂഡ് ഫാക്ടറി എന്ന യൂട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് അച്ഛനും മകനും സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തരാവുന്നത്. ഇലക്ട്രോണിക്സില് ഡിപ്ലോമയുള്ള 26 കാരന് എ ഗോപിനാഥും അച്ഛന് അറുമുഖനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഏപ്രില്‍ 12ന് ഷെയര്‍ ചെയ്ത വിഡിയോ അഞ്ചു കോടി പ്രേക്ഷകര്‍ കണ്ടു. ഒന്‍പതു ലക്ഷം പേരാണ് ഷെയര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ വന്‍ അഭിനന്ദന പ്രവാഹമാണ് ഇവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
തികഞ്ഞ അനായാസത്തോടും വൃത്തി വെടിപ്പോടും കൂടെയുള്ള ഇദ്ദേഹത്തിന്റെ പാചകം കാണുമ്പോള്‍ തന്നെ അറിയാം ഇദ്ദേഹം ഈ ഉദ്യമം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്ന്. മുട്ടത്തോരന് ആവശ്യമായ എല്ലാ ചേരുവകളും വേണ്ടത്ര അളവില്‍ ചേര്‍ത്ത് വളരെ രുചികരമായാണ് അറുമുഖന് ഇത് പാചകം ചെയ്യുന്നത്. ഇത് പിന്നീട് ചെറിയ പാക്കറ്റുകളിലാക്കി തെരുവിന്റെ മക്കള്‍ക്ക് വിതരണം ചെയ്യുമ്പോള്‍ അവരുടെ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ അറുമുഖന്റെയും മകന്റെയും മാത്രമല്ല, വീഡിയോ കണ്ടിരിക്കുന്നവരുടെ പോലും മനസ് നിറയ്ക്കുന്നതാണ്.