ചൈനീസ് റിപ്പോര്‍ട്ടറുടെ ചിത്രത്തിന് ജീവന്‍ വച്ചത് ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം! 2010 ല്‍ എടുത്ത പിതൃസ്‌നേഹം വെളിപ്പെടുത്തുന്ന ചിത്രം ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറല്‍; ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം ആ അച്ഛനും മകനും ഇങ്ങനെ

1498307359906മാതൃദിനം, പിതൃദിനം എന്നിവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ആഘോഷമാക്കാറുണ്ട്. തങ്ങളുടെ അച്ഛന്മാരോടൊപ്പമുള്ള ചിത്രങ്ങളും മരിച്ചുപോയവരാണെങ്കില്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകളുമെല്ലാം ആളുകള്‍ പങ്കുവയ്ക്കാറുണ്ട്. ഈ വര്‍ഷത്തെ ഫാദേഴ്‌സ് ഡേ കഴിഞ്ഞപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരമായത് രാന്‍ ഗോങ്ഗുയി എന്ന പിതാവും അദ്ദേഹത്തിന്റെ പുത്രന്‍ രാന്‍ ജന്‍ചോവോയുമാണ്. ചുമലില്‍ നൂറ് കിലോയോളം ഭാരം താങ്ങുമ്പോഴും മൂന്നുവയസുകാരനായ തന്റെ മകനെ പടിയിറങ്ങാന്‍ സഹായിക്കുന്ന പിതാവിന്റെ ചിത്രം ചൈനയിലെ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ലോകം മുഴുവനും അത് ഏറ്റെടുക്കുകയും ചെയ്തു.

1498307420260

ചൈനീസ് റിപ്പോര്‍ട്ടറായ ചോങ്ക്വിങ് 2010 ല്‍ എടുത്തതാണ് ഈ ചിത്രമെങ്കിലും ഇപ്പോഴാണ് സോഷ്യല്‍മീഡിയ ഈ അച്ഛനെ പ്രശസ്തനാക്കിയത്. ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ ആരോ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. കൗതുകം തോന്നിയ ആളുകള്‍ ഈ ചിത്രത്തെക്കുറിച്ചന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

1498307424499

ചോങ്ക്വിങിലെ മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായി ജോലി നോക്കുകയാണ് 41 കാരനായ രാന്‍ ഗോങ്ഗുയി. ജന്‍ചാവോയ്ക്ക് ഇപ്പോള്‍ പത്ത് വയസാണ് പ്രായം. അമ്മയില്ലാത്ത മകനെ വളര്‍ത്താന്‍ ഏറെ പാടുപെട്ടിരുന്നു ഈ അച്ഛന്‍. മാര്‍ക്കറ്റിനടുത്തുള്ള പ്ലേ സ്‌കൂളില്‍ വിട്ട് വൈകുന്നേരം അവനിഷ്ടമുള്ള ഭക്ഷണം വാങ്ങി എത്തുന്ന അച്ഛന്‍. മകനെ വലിയവനാക്കാന്‍  തന്നേക്കാള്‍ ഭാരം വരുന്ന ചുമടുമായി ഇപ്പോഴും ഈ അച്ഛന്‍ മാര്‍ക്കറ്റിലുണ്ട്. ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്ന പിതൃസ്‌നേഹത്തെക്കുറിച്ച് ആളുകള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ചിത്രത്തിലെ അച്ഛന്റെ ശരീരഘടനയെ പുകഴ്ത്തുകയാണ് മറ്റുചിലര്‍. മോഡലുകളെ പോലും വെല്ലുന്ന തരത്തിലുള്ള രൂപമാണ് രാനിന്റേതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ പ്രശസ്തരായി എന്ന വിവരം ഈ അച്ഛനും മകനും അറിഞ്ഞിട്ടുണ്ടാവുമോ എന്നതാണ് ചിലയാളുകളുടെ സംശയം.

1498307429290

Related posts