ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും ടിക്ക്‌ടോക്കിലും പാചക പരീക്ഷണങ്ങളിലും മുഴുകുമ്പോള്‍ വേറിട്ട മാതൃകയാകുകയാണ് കൂടരഞ്ഞിയിലെ ഈ അപ്പനും മകനും…
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ 58 കാരന്‍ കുറുംബേല്‍ അഗസ്റ്റിന്‍ ജോസഫും മകനുമാണ് അപ്രതീക്ഷിതമായി കിട്ടിയ ഇടവേള വഴിവെട്ടി സാമൂഹസേവനത്തിനായി ഉപയോഗിച്ചത്.
സ്വന്തം വസ്തു കൂടി വിട്ടു കൊടുത്തു കൊണ്ട് വലിയവാഹനം കടന്നു പോകുന്ന രീതിയില്‍ വീതി കൂട്ടി 39 ദിവസം കൊണ്ട് പത്തടി വീതിയില്‍ 200 മീറ്ററോളമാണ് വെട്ടിയത്.
ഇതോടെ വീട്ടിലേക്കുള്ള റോഡിന് വേണ്ടിയുള്ള നീണ്ട 15 വര്‍ഷമായുള്ള കാത്തിരിപ്പ് കൂടിയാണ് അവസാനിപ്പിച്ചത്.
14 വര്‍ഷം മുമ്പ് വാഹനം കയറിവരും വിധം റോഡ് വീതികൂട്ടാന്‍ സ്വന്തം പതിനഞ്ചര സെന്റ് ഭൂമി കൂടി അഗസ്റ്റിന്‍ നല്‍കിയിരുന്നു. എന്നാല്‍ പകുതിയോളം നടന്ന റോഡ് നിര്‍മ്മാണം പിന്നീട് പല കാരണങ്ങളാല്‍ നിലച്ചു പോകുകയായിരുന്നു.
തങ്ങളുടെ ഭാഗത്തേക്കുള്ള നിര്‍മ്മാണമാണ് തടക്കപ്പെട്ടു പോയത്. ഇതോടെ ലോക്ക്ഡൗണ്‍ കാലം ഫലപ്രദമായി ചെലവഴിക്കാന്‍ ഇവര്‍ തീരുമാനിക്കുകയാണ്.
മറ്റുള്ളവര്‍ ലോക്ക്ഡൗണില്‍ വീട്ടിനുള്ളില്‍ ഇരുന്നപ്പോള്‍ കര്‍ഷകനായ അഗസ്റ്റിനും മകനും മണ്ണിലേക്ക് ഇറങ്ങി.
തന്റെ വീടു വരെ മാത്രം എത്തിയിരുന്ന ഇടുങ്ങിയ പാത 10 അടി വീതിയില്‍ വികസിപ്പിച്ചു. പതിയെയായിരുന്നു റോഡ് നിര്‍മ്മാണം ആരംഭിച്ചത്.
എന്നാല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ 39 ദിവസവും പണി ചെയ്തു. ചിലയിടത്ത് മണ്ണിട്ടു നികത്തിയും മറ്റു ചില സ്ഥലത്ത് മണ്ണെടുത്തു മാറ്റിയും ഗതാഗതയോഗ്യമാക്കി മാറ്റിയത് 200 മീറ്ററോളമാണ്.
മഴക്കാലം വരാന്‍ അടുത്തതിനാല്‍ കനത്തമഴയില്‍ ഇട്ട മണ്ണു മുഴുവന്‍ ഒലിച്ചു പോകുമെന്ന ഭീതിയാണ് ഇപ്പോള്‍.
അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇവര്‍ പണി ചെയ്തത്. മറ്റൊരു യന്ത്രങ്ങളും ജോലിക്ക് ഉപയോഗിക്കരുത് എന്ന് മാത്രമാണ് ഇവര്‍ക്ക് പഞ്ചായത്ത് നല്‍കിയ ഏക നിര്‍ദേശം.
കന്നുകാലിവളര്‍ത്തലും കൃഷിയുമൊക്കെയാണ് അഗസ്റ്റിന്റെ വരുമാനം. എന്നാല്‍ റോഡ് നിര്‍മ്മിച്ച് കഠിനാദ്ധ്വാനത്തിന്റെ മറ്റൊരു പാത വെട്ടിത്തെളിക്കാന്‍ അഗസ്റ്റിന്‍ തീരുമാനിക്കുകയായിരുന്നു.
അച്ഛന്റെയും മകന്റെയും സത്പ്രവൃത്തിയെ മുക്തകണ്ഠം പ്രശംസിക്കുകയാണ് നാട്ടുകാരെല്ലാം.