പുനലൂർ: ലോക്ക് ഡൗണിന്റെ പേരിൽ പോലീസ് വാഹനം കടത്തിവിടാഞ്ഞതിനാൽ രോഗിയായ പിതാവിനെ തോളിലേറ്റി കൊണ്ടുപോയ കുളത്തൂപ്പുഴ സ്വദേശിക്കു നേരെ ഇടതു പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണ് ഒരു സാധു കുടുംബത്തിനെ പെരുവഴിയിലെ ദുരിതാവസ്ഥയിൽ എത്തിച്ചത്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യമായതിനാൽ യുഡിഎഫ് ഉൾപ്പെടെ ആരും പ്രതിഷേധവുമായി നിരത്തിലിറങ്ങിയില്ല.
മാത്രവുമല്ല ദുരിതത്തിൽ പെട്ട രോഗിയോ മകനോ കുടുംബമോ സർക്കാരിനോ പോലീസിനോ എതിരെ ഒരു പ്രസ്താവന പോലും നടത്തിയില്ല. എന്നാൽ മാധ്യമങ്ങൾ വഴി ലോകമെമ്പാടും പുനലൂരിലെ സംഭവങ്ങൾ വാർത്തയായതോടെ ദുരിതബാധിത കുടുംബത്തിനുനേരെ ഇടതുപക്ഷം സൈബർ പോരാട്ടം ആരംഭിച്ചു.
മനുഷ്യത്വരഹിതമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എ.എ ബഷീർ, കൺവീനർ ജോസഫ് മാത്യു , കക്ഷി നേതാക്കളായ എം.എം ജലീൽ, റോയി ഉമ്മൻ, നാസർ ഖാൻ, ബാലചന്ദ്രൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.