പഠിക്കുന്ന കോളജില്‍ ജൂനിയറായി സ്വന്തം അച്ഛന് അച്ഛനെ കിട്ടിയാല്‍ എന്തു രസമായിരിക്കും. മുംബൈയിലെ നിയമ വിദ്യാര്‍ഥിനിയാണ് അച്ഛനെ ജൂനിയറായി കിട്ടിയ ഭാഗ്യത്തില്‍ ത്രില്‍ അടിച്ചിരിക്കുന്നത്. ഫേസ്ബുക്കായ പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഈ മകള്‍ ‘ജൂനിയര്‍ അച്ഛനെ’ കുറിച്ചെഴുതിയ കുറിപ്പിന് വന്‍ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ചെറുപ്പത്തില്‍ നിയമം പഠിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. കോടതിയും ഹിയറിംഗും കേസുകളുമൊക്കെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സാധിച്ചില്ല. പിന്നീടദ്ദേഹം ഒരു കണ്‍സല്‍ട്ടന്റായി. ഒരു മകളെ ഡോക്ടറും ഒരു മകനെ നിയമപഠനത്തിനു വിടുകയും ചെയ്തു. ഇളയ മകളും നിയമ പഠനം തുടങ്ങിയതോടെ അച്ഛന് തന്റെ നടക്കാതെ പോയ സ്വപ്നം പൊടി തട്ടിയെടുത്തു. മകളുടെ നിയമപഠനത്തിലെ സൂക്ഷ്മ വിശദാംശങ്ങള്‍ വരെ ഈ പിതാവു ചോദിച്ചു മനസ്സിലാക്കുമായിരുന്നു.
ഒടുവില്‍ നിയമം പഠിക്കണമെന്ന ആഗ്രഹം അച്ഛന് മകളോടു പറഞ്ഞു. മകള്‍ പിതാവിനു പൂര്‍ണ്ണ പിന്തുണ നല്കി. കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി. അങ്ങനെയാണു മകളുടെ കോളജില്‍ തന്നെ അഡ്മിഷന് എടുത്ത്, അവളുടെ ജൂനിയറായി ഈ പിതാവു പഠനം തുടങ്ങിയത്.ഇവരിപ്പോള്‍ ഒരുമിച്ച്കോളജില് പോകുന്നു. പ്രഫസര്‍മാരെയും സഹപാഠികളെയും അസൈന്‍മെന്റുകളെയും കുറിച്ചു സംസാരിക്കുന്നു. ഇടവേളകളില്‍ മകളുടെ കൂട്ടുകാരോടൊത്ത് ഇരിക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും പ്രായ വ്യാത്യാസമൊന്നും ഈ പിതാവിനൊരു തടസ്സമായില്ല. അച്ഛന്റെ പഠനത്തിലേക്കുള്ള തിരിച്ചുവരവ് സന്തോഷമുണ്ടാക്കുന്നതായും തങ്ങള്‍ക്ക് ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷയെന്നും മകള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആയിരക്കണക്കിന് പേരാണ് ഇരുവരെയും അഭിനന്ദിച്ചുള്ള കമന്റുകളുമായി ഫെയ്സ്ബുക്കിലെത്തിയത്.