ഇരിങ്ങാലക്കുട: മൂന്നുവയസായ മകനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതിനു ശേഷം പിതാവു ജീവനൊടുക്കിയെന്ന് പോലീസ്.
തുന്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം മാടന്പത്ത് വീട്ടിൽ ബിനോയ് (48) ആണ് മകൻ അഭിജിത്ത് കൃഷ്ണയെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.
വീടിനു പിറകിലെ വർക്ക് ഏരിയയിലാണ് ഇയാളെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. സമീപത്തുതന്നെ കുഞ്ഞിന്റെ മൃതദേഹവും ഉണ്ടായിരുന്നു.
ഇന്നു പുലർച്ചെ അഞ്ചോടെ ഇയാളുടെ ഭാര്യ മിനി ഉറക്കമുണർന്നു മകനെ നോക്കിയപ്പോൾ കണ്ടില്ല. തുടർന്നു നടത്തിയ തെരച്ചിലിലാണു ഭർത്താവിനെയും മകനെയും മരിച്ചനിലയിൽ കണ്ടത്.
മകനെ കുളിമുറിയിലെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയശേഷം വർക്ക് ഏരിയയിൽ കൊണ്ടുവന്നു കിടത്തിയ ശേഷമാണ് ബിനോയ് തൂങ്ങിയിരിക്കുന്നത്.
ആളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബിനോയിയും ഭാര്യ മിനിയും മരിച്ച കുട്ടിയെ കൂടാതെ മൂത്തമകൻ അഭിനവ് കൃഷ്ണയും ഒരുമിച്ചാണു വീട്ടിൽ കഴിയുന്നത്.
ഈ കുട്ടി ഒന്പതാംക്ലാസ് വിദ്യാർഥിയാണ്.ബിനോയ് പണ്ട് ഗൾഫിലായിരുന്നു. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് നാട്ടിലെത്തി ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു.
സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ബിനോയിക്കു സാന്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി പറയപ്പെടുന്നു.