തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരിൽ പെൺകുട്ടിയെ കഴുത്തിൽ തോർത്തുമുണ്ടുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിധരന്റെ (47) മൂത്ത മകൾ ഷാലു (18) ആണ് മരിച്ചത്.
സംഭവത്തിൽ പിതാവ് ശശിധരൻ ഇന്നു പുലർച്ചെ നാലോടെ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്നു രാവിലെ തേഞ്ഞിപ്പലം പോലീസ് പെരുവള്ളൂരിലെ വാടക ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് നാട്ടുകാർ സംഭവമറിയുന്നത്. ഷാലുവിന്റെ മാതാവും അനിയനും വീട്ടിൽ ഇല്ലാത്ത ദിവസമാണ് സംഭവമുണ്ടായത്. മരിച്ച ഷാലു കഴിഞ്ഞ വർഷം പെരുവള്ളൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു സയൻസ് വിദ്യാർഥിയായിരുന്നു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഷാലു കലാരംഗത്തും സജീവമായിരുന്നു. നേരത്തെ വേങ്ങര ഉപജില്ലാ കലോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നിന്നു വന്നു പെരുവള്ളൂരിൽ കുടുംബമൊന്നിച്ചു വർഷങ്ങളായി താമസിക്കുന്ന ശശിധരൻ കൂലിപ്പണിക്കാരനാണ്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തു അരക്കുപറന്പ് സ്വദേശിനിയെയാണ് ശശിധരൻ വിവാഹം കഴിച്ചത്. ഏതാനും വർഷങ്ങളായി ഇവിടെ നിന്നു മാറി ഇപ്പോൾ പെരുവള്ളൂരിലാണ് ശശിധരനും കുടുംബവും താമസിക്കുന്നത്. സംഭവസമയത്ത് ഷാലുവിന്റെ മാതാവും അനിയനും അരക്കുപറന്പിലെ വീട്ടിലായിരുന്നു. കൃത്യ നിർവഹിച്ചശേഷം ശശിധരൻ ജീവനൊടുക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.
പോലീസ് എത്തിയപ്പോൾ ക്വാർട്ടേഴ്്സ് മുറിയിൽ കഴുത്തിൽ തോർത്തുമുണ്ടു മുറുകി മരിച്ച നിലയിലാണ് ഷാലുവിനെ കാണപ്പെട്ടത്. വിവരമറിഞ്ഞു തേഞ്ഞിപ്പലം എസ്ഐ സി.കെ നാസർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തിരൂരങ്ങാടി സിഐ ഇ. സുനിൽകുമാർ കേസന്വേഷിക്കും. അതേസമയം ശശിധരൻ ലഹരിയ്ക്ക് അടിമയാണെന്നു നാട്ടുകാർ പറയുന്നു. ഭാര്യയോടുള്ള സംശയത്തെത്തുടർന്നു കുട്ടിയെയും സംശയിക്കാനിടവരുമെന്നു കരുതിയാണ് ശശിധരൻ കൃത്യം നിർവഹിച്ചതെന്നാണ് പോലീസ് പറയുന്നത്.