തൃശൂർ: കാരുണ്യത്തിന്റെ പുതിയ സന്ദേശവുമായി ക്ലോത്ത് ബാങ്ക്, ഫുഡ് ബാങ്ക് പദ്ധതിക്കു കേരളപ്പിറവി ദിനത്തിൽ കടാങ്ങോട് തുടക്കമായി. വൃക്കദാനത്തിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മലിന്റെ ഷഷ്ഠിപൂർത്തിയുടെ ഭാഗമായി ആരംഭിച്ച ‘കാരുണ്യ സ്പർശം 60 @ 2020’ൽ പത്താമതായി ആവിഷ്ക്കരിക്കുന്ന ജീവകാരുണ്യ പദ്ധതിയാണിത്.
ലോകമെങ്ങുമുള്ള ഉദാരമതികളിൽ നിന്നു വസ്ത്രങ്ങൾ ശേഖരിച്ച് ആരംഭിക്കുന്ന ക്ലോത്ത് ബാങ്കിൽ വളരെ കുറഞ്ഞ വിലയ്ക്കു സാധാരണക്കാരായ ആളുകൾക്കു നല്ല വസ്ത്രങ്ങൾ വാങ്ങാനാകും.
ആ തുക കൊണ്ടു നിരാലംബരായ ആളുകൾക്കു മാസാദ്യദിനത്തിൽ മികച്ച ഭക്ഷണമെത്തിക്കുക എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്.പദ്ധതിയിലെ ആദ്യ ക്ലോത്ത് ബാങ്കാണു കടാങ്ങോട് പ്രവർത്തനമാരംഭിച്ചത്. പഴയ ഇൻഫന്റ് ജീസസ് പള്ളിയാണ് ക്ലോത്ത് ബാങ്കായി രൂപപ്പെടുത്തിയത്.
ബാങ്കിന്റെ ഉദ്ഘാടനം സംസ്ഥാന ടെക്സ്റ്റെെൽ കോർപറേഷൻ ചെയർമാൻ സി.ആർ. വത്സൻ നിർവഹിച്ചു. നിർധന കുടുംബങ്ങളിലെ പെണ്കുട്ടികൾക്കു വിവാഹ സഹായമായി 50,000 രൂപ വീതം വിലവരുന്ന സ്വർണാഭരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
വിധവകൾക്കു കാട വളർത്താനുള്ള കൂടുകളും നല്കി. മാസാദ്യദിനത്തിൽ വിവിധ ആതുരാലയങ്ങളിലും തെരുവോരങ്ങളിലും കഴിയുന്ന നിരാലംബർക്കായി ഭക്ഷണം നല്കുന്ന ഫുഡ് ബാങ്കിനും ഇതോടൊപ്പം തുടക്കമിട്ടു.
തുടക്കമായി 1000 ബിരിയാണി ചടങ്ങിൽ കൈമാറി. ക്ലോത്ത് ബാങ്കിലെ വസ്ത്രങ്ങളുടെ വില്പനയ്ക്കും ചടങ്ങിനോടനുബന്ധിച്ചു തുടക്കമിട്ടു.
ഇതിന്റെ തുടർച്ചയായി പ്രധാന കേന്ദ്രങ്ങളിൽ
ക്ലോത്ത് ബാങ്കുകൾ ആരംഭിച്ച് സാധുസേവനത്തിന്റെ പുതിയ സംസ്കാരത്തിനു തുടക്കമിടുകയാണു ലക്ഷ്യമെന്ന് ഫാ. ഡേവിസ് ചിറമ്മൽ അറിയിച്ചു. ബാബു വെളപ്പായ, സി.വി. ജോസ്, പ്രഫ. എലിസബത്ത് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.