ഭോപ്പാൽ: മകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതു ചോദ്യം ചെയ്ത പിതാവിനെ മൂന്നംഗസംഘം ചുട്ടുകൊന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഹട്ടയിലാണു സംഭവം.
നർമദ സാഹു എന്ന നാൽപ്പത്തിനാലുകാരനാണു കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ടുകൾ. തന്റെ മകളെ അയൽവാസികളായ ചെറുപ്പക്കാർ നിരന്തരം ശല്യപ്പെടുത്താനും മാനഭംഗപ്പെടുത്താനും ശ്രമിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതു സംബന്ധിച്ച് സാഹു പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ രോഷംപൂണ്ട ചെറുപ്പക്കാർ സാഹുവിനെ ആക്രമിക്കുകയായിരുന്നെന്ന് ഇയാളുടെ ഭാര്യയും ബന്ധുക്കളും പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി ചെറുപ്പക്കാരുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ നർമദയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു. സച്ചിൻ, രാജ്കുമാർ, രാംകുമാർ എന്നിവരാണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു.
അതേസമയം, മരിച്ച നർമദ സാഹുവിന്റെ മകൾ, തനിക്കുനേരേ മാനഭംഗശ്രമമുണ്ടായെന്ന ആരോപണം നിഷേധിച്ചതായി ദാമോ ജില്ലാ സൂപ്രണ്ടന്റ് വിവേക് അഗർവാൾ പറഞ്ഞു.