കുടുംബത്തിന്റെ അനുഗ്രഹത്തോടെ വിവാഹത്തിനൊരുങ്ങിയ യുവാവിനെ ഞെട്ടിച്ച് പിതാവിന്റെ അപ്രതീക്ഷിതമായ മരണം. അച്ഛൻ താലി എടുത്തുനൽകണമെന്ന ആഗ്രഹത്തെ ഇല്ലാതാക്കിയാണ് മരണം പിതാവിനെ തട്ടിയെടുത്തത്. ഒടുവിൽ അന്തരിച്ച പിതാവിന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നുകൊണ്ട് മകന് വധുവിനെ താലിചാര്‍ത്തി. തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലെ ഡിണ്ടിവനം സിങ്കന്നൂറിലാണ് വിചിത്രമായ സംഭവം.
ദൈവമണിയുടെ മകന് അലക്സാണ്ടറിന്റെയും കൊണമംഗലം ബാലസുന്ദരത്തിന്റെ മകള്‍ ജഗദീശ്വരിയുടെയും വിവാഹം സെപ്റ്റംബര്‍ രണ്ടിനാണ് നിശ്ചയിച്ചിരുന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്ഷണപത്രം കൈമാറുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചക്ക് ദൈവമണി പൊടുന്നനെ ഹൃദയാഘാതംമൂലം മരിച്ചത്. മയിലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ച വിവാഹം കഴിക്കണമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
അച്ഛൻ മരിച്ചതോടെ പിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം കഴിക്കണമെന്നാഗ്രഹിച്ച അലക്സാണ്ടര്‍ ഉടനടി വധുവിന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും ഇവർ വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. ഉടൻ തന്നെ വിവാഹത്തിന് ധരിക്കാൻ വാങ്ങിയ പുത്തൻ ഷർട്ടും മുണ്ടും ദൈവമണിയെ ധരിപ്പിച്ച് മാലയിട്ട് കസേരയില്‍ ഇരുത്തി.
പിതാവിന്റെ കൈയില്‍നിന്ന് താലിവാങ്ങുന്നത് പോലെ കാണിച്ച് വധുവിന് താലി കെട്ടുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളൊന്നിച്ച് ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്കാരവും നടത്തി.