ഫാൽകിർക്: സ്കോട്ട്ലൻഡിൽ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിനടുത്തുള്ള ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം. വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായെന്ന വാർത്തകൾ വന്നത്.
എഡിൻബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോർഫിൻ ഇടവകയുടെ ചുമതല വഹിച്ചുവരികയായിരുന്ന വൈദികൻ ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നു. ബുധനാഴ്ച മുതലാണു അദ്ദേഹത്തെക് കുറിച്ച് വിവരമൊന്നുമില്ലാതായത്. പിഎച്ച്ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികൻ ദിവ്യബലിയർപ്പിക്കാൻ എത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈദികൻ താനുമായി ഫോണിൽ സംസാരിച്ചിരുന്നതായി സഹോദരനും ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ബോർഡംഗവുമായ തങ്കച്ചൻ വാഴച്ചിറ ദീപികയോടു പറഞ്ഞു. ഇതിനു ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈദികൻ സഹോദരിമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ തനിക്കു പനിയാണെന്ന് അദ്ദേഹം സഹോദരിമാരോടു പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സഹോദരൻ തങ്കച്ചൻ ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
പിന്നീട് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടോടെ അദ്ദേഹം തന്റെ ഫോണിലേക്കു തിരികെ വിളിച്ചെങ്കിലും കോടതിക്കുള്ളിലായിരുന്നതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. പിന്നീടു തിരികെ വിളിച്ചപ്പോൾ ആദ്യം ഫോണ് ബെല്ലടിച്ചെങ്കിലും മറുപടിയുണ്ടായില്ല. അൽപസമയം കഴിഞ്ഞു വീണ്ടും വിളിച്ചപ്പോൾ ഫോണ് ഓഫ് ആണെന്ന സന്ദേശമാണു ലഭിച്ചത്. തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സിഎംഐ ആശ്രമത്തിലെ പ്രിയോറച്ചൻ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സ്കോർട്ട്ലൻഡിൽനിന്നു എഡിൻബർഗ് ബിഷപ്പിനു വേണ്ടി വികാർ ജനറൽ റവ.പാട്രിക് ബർക്ക് സിഎംഐ പ്രൊവിൻഷ്യലിനെ വിവരമറിയിച്ചു. അവിടെനിന്നു പുളിങ്കുന്ന് ആശ്രമ അധികാരികൾക്കു വിവരം കൈമാറുകയായിരുന്നു.
വൈദികൻ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. പാസ്പോർട്ട്, ലാപ്ടോപ് തുടങ്ങി കൈകാര്യം ചെയ്തിരുന്ന വസ്തുക്കൾ എല്ലാം മുറിയിൽത്തന്നെയുണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധരെത്തി മുറി പരിശോധിച്ചതായി സ്കോർട്ട്ലൻഡിൽനിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. 2013 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ പള്ളിയിൽ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്കോർട്ട്ലൻഡിലേക്കു പോയത്.