തിരുവനന്തപുരം: വലതു കൈയ്യില്ലാതെ ജനിച്ച നവജാത ശിശുവിനെ സ്വീകരിക്കാന്‍ കുട്ടിയുടെ പിതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് എസ്ഐയുടെ ഇടപെടല്‍. ഗൗരീശ പട്ടത്തെ സ്വകാര്യ ആശുപത്രിയായ ഗൗരീശയിലായിരുന്നു നാടകീയമായ ഈ രംഗങ്ങള്‍ അരങ്ങേറിയത്. കുറ്റിച്ചല്‍ സ്വദേശിനിയായ ലാവണ്യ പ്രസവിച്ച ആണ് കുഞ്ഞാണ് വലതു കൈയ്യില്ലാതെ പിറന്നുവീണത്. സ്കാനിംഗില്‍ തന്റെ കുഞ്ഞിന് യാതൊരു കുഴപ്പവും ഉള്ളതായി കണ്ടില്ലെന്നും ഈ കുട്ടി തങ്ങളുടേതല്ലെന്നുമായിരുന്നു പിതാവ് വിനിഷ് ആരോപിച്ചത്. കുട്ടിയെ തങ്ങള്‍ക്കു വേണ്ടെന്നു പറഞ്ഞ് ആശുപത്രിയില്‍ ബഹളം വയ്ക്കുകയും ചെയ്തു. ആരൊക്കെ പറഞ്ഞിട്ടും കുട്ടിയെ ഏറ്റെടുക്കാന്‍ ഇയാള്‍ തയ്യാറായില്ല. പ്രസവാനന്തരം ഡോക്ടര്‍ യുവതിയുടെ ഭര്‍ത്താവ് വിനീഷിനെ വിളിച്ച് ആണ്‍കുഞ്ഞാണെന്നും എന്നാല്‍ വലതു കൈ ഇല്ലെന്നും അറിയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്. ആദ്യ ആഴ്ചമുതല്‍ പ്രസവത്തിന്റെ രണ്ട് ദിവസം മുന്‍പ് വരെ ഇതേ ആശുപത്രിയില്‍ സ്കാന്‍ ചെയ്തപ്പോഴൊന്നും കുഞ്ഞിന് ശരീരവളര്‍ച്ചയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടര്‍മാര്‍ അറിയിയിച്ചിട്ടില്ലെന്നാണ് വിനീഷ് പറയുന്നത്.
പ്രശ്നം മുറുകിയപ്പോഴാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് മെഡിക്കല്‍ കോളജ് എസ്ഐ ഗിരിലാല്‍ രംഗത്തെത്തിയത്. ആര്‍ക്കും വേണ്ടെങ്കില്‍ കുട്ടിയെ താന്‍ നോക്കിക്കോളാമെന്നായിരുന്നു ഗിരിലാലിന്റെ വാഗ്ദാനം. ഇത്തരം ധീരമായ ഒരു പ്രഖ്യാപനം നടത്തിയതോടെ എസ്ഐയ്ക്ക് ആക്ഷന്‍ ഹീറോ പരിവേഷവും ലഭിച്ചു. നാട്ടുകാരെല്ലാം എസ്ഐയെ പിന്തുണച്ചതോടെ സംഘര്‍ഷത്തിന് അയവുവന്നു. ഒരു കാരണവശാലും കുട്ടിയെ കൊണ്ടുപോകില്ലെന്നും ആശുപത്രി അധികൃതര്‍ തങ്ങളെ വഞ്ചിച്ചതാണെന്നും വിനീഷ് ആരോപിച്ചപ്പോഴായിരുന്നു. എസ്ഐയുടെ ഇടപെടല്‍.
കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന വേളയിലെത്തിയപ്പോഴായിരുന്നു ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ആശുപത്രി അധികൃതരോടും വിനീഷിനോടും സംസാരിച്ചു. നേരത്തെ നടത്തിയ സ്കാനിംഗിലോ പരിശോധനയും കുട്ടിയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ഇതിനാല്‍ തന്നെ ആശുപത്രി അധികൃതര്‍ കുട്ടിയെ മാറ്റിയതാണെന്നും വിനീഷും ബന്ധുക്കളും പറയുന്നു. ഭാര്യ ഗര്‍ഭിണിയായ അന്നു മുതല്‍ ഈ ആശുപത്രിയിലെ രമാദേവി എന്ന ഡോക്ടറെയാണ് കാണിച്ചിരുന്നതെന്നും കുട്ടിയ്ക്കു കുഴപ്പമുള്ളതായി അവര്‍ പറഞ്ഞില്ലെന്നും വിനീഷ് പോലീസിനോടു പറഞ്ഞു. ഗര്‍ഭിണിയായ ശേഷം ആറുതവണ സ്കാനിംഗ് നടത്തിയപ്പോഴും ഒരു കുഴപ്പവും കണ്ടില്ലെന്നും വിനീഷ് പറയുന്നു.
സിസേറിയന് കഴിഞ്ഞ് കുട്ടി പുറത്തുവന്നപ്പോള്‍ വലതുകൈ പൂര്‍ണമായും ഇല്ല. ഒരു കാലിനാകട്ടെ വളവുമുണ്ട്. ഈ വിവരം ഡോക്ടര്‍ ഉടന്‍ തന്നെ അറിയിക്കുകയും ചെയ്തു. ഇത് ചോദിച്ചപ്പോള്‍ രമാദേവിയും മകനും തങ്ങളോടു കയര്‍ത്തു സംസാരിച്ചെന്നും വിനേഷും ബന്ധുക്കളും ആരോപിക്കുന്നു. കുട്ടിയ്ക്കു ഒരു കൈ ഇല്ലെന്നല്ലേ ഉള്ളൂ വേറേ കുഴപ്പമൊന്നുമില്ലല്ലോ എന്നും ഇതൊന്നും ഗണിച്ചറിയാന്‍ ജോത്സ്യമൊന്നും പഠിച്ചിട്ടില്ലയെന്നുമുള്ള മറുപടി ബന്ധുക്കളെ ചൊടിപ്പിക്കുകയായിരുന്നു.കുട്ടിക്ക് ഡിസേബിലിറ്റി ടെസ്റ്റ് നടത്തിയത് തന്നെ ഗര്‍ഭിണിയായി അഞ്ചാം മാസത്തിലാണെന്ന് ഡോക്ടര്‍ തന്നെ നേരിട്ട് സമ്മതിച്ചുവെന്ന് എസ്ഐ പറഞ്ഞു. സ്കാന്‍ ചെയ്തപ്പോള്‍ കുട്ടിക്ക് തലച്ചോറിനോ പള്സിനോ ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ കൈയുടെ കാര്യം ശ്രദ്ധയില്‍പെട്ടില്ലെന്ന മറുപടിയാണ് ഡോക്ടര്‍ രമാദേവി നല്‍കിയത്. ഇവര്‍ക്കെതിരെ വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയെ ആശുപത്രി അധികൃതര്‍ മാറ്റിയതായ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്നും പൊലീസ് ഉറപ്പ് നല്കി. എന്നിട്ടും രക്ഷകര്‍ത്താവ് വഴങ്ങാതെ വന്നപ്പോള്‍ എങ്കില്‍ കുട്ടിയെ ഞങ്ങള്‍ കൊണ്ട് പൊയ്ക്കോളാമെന്നും ഇത് പരിശോധിക്കാനും കുട്ടിയെ സംരക്ഷിക്കാനും സര്‍ക്കാറിന്റെ സംവിധാനങ്ങളുണ്ടെന്നും പറഞ്ഞപ്പോഴാണ് രക്ഷകര്‍ത്താവ് ഒന്ന് തണുത്തത്. അത്തരമൊരു സാഹചര്യത്തില്‍ കുട്ടിയുടെ പിതാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ തന്റെ ഔദ്യോഗിക ചുമതലയെന്ന രീതിയിലാണ് കുട്ടിയെ ഏറ്റെടുക്കുമെന്ന ഒരു അറ്റകൈ പ്രയോഗം നടത്തിയതെന്നും എസ്ഐ പറയുന്നു.
ഡോക്ടര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും കേസ് എടുത്തിട്ടുണ്ടെങ്കിലും വലിയ ശിക്ഷ ലഭിക്കില്ലെന്നാണ് വിവരം. ഗര്‍ഭസ്ഥ ശിശു അമ്മയുടെ ജീവന് അപകടം സൃഷ്ടിക്കുന്നുവെങ്കില്‍ മാത്രം ഗര്‍ഭം ഒഴിവാക്കാം. കുട്ടിക്ക് വൈകല്യങ്ങളും ആരോഗ്യ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഭ്രൂണഹത്യ നടത്തുന്നത് മെഡിക്കല്‍ എത്തിക്സിനും യോജിച്ചതല്ല. അതുകൊണ്ട് തന്നെ സ്കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതേ പടി പറയണമെന്ന് നിയമമില്ല. പ്രത്യേകിച്ച് ഭ്രൂണഹത്യയിലേക്ക് കടക്കാനുള്ള സാഹചര്യമുള്ളതുകൊണ്ട്. അതിനാല്‍ തന്നെ കുട്ടിയെ മാറ്റിയെന്ന കേസ് മാത്രമേ നിലനില്‍ക്കൂ.