ബ്രസീലില് ചെറു വിമാനം കാട്ടില് തകര്ന്നു വീണ് അച്ഛനും മകനും മരിച്ച സംഭവത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള് പുറത്ത്.
വിമാനത്തിന്റെ നിയന്ത്രണം മകനെ ഏല്പ്പിച്ച് ബിയര് കുടിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്.
ഗാരോണ് മയയും മകന് ഫ്രാന്സിസ്കോ മയയുമാണ് കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തില് മരിച്ചത്.
വിമാനത്തിന്റെ കണ്ട്രോള് പതിനൊന്നു വയസ് മാത്രമുള്ള മകനെ ഏല്പിച്ച് ബിയര് കുടിക്കുന്ന ഗാരോണിന്റെ വീഡിയോ വൈറലായതിനെ തുടര്ന്ന് ബ്രസീല് നാഷനല് സിവില് ഏവിയേഷന് ഏജന്സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ട വീഡിയോ അപകടത്തിന് തൊട്ടു മുമ്പ് പകര്ത്തിയതാണോ അതോ മുന്പത്തേതാണോ എന്നു വ്യക്തമല്ല.
ജൂലൈ 29ന് വൈകുന്നേരം 5.50 ന് പറന്നുയര്ന്ന വിമാനം എട്ടു മിനിറ്റിന് ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. തുടര്ന്നു നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തിയത്.
ഇരുവരുടേയും മരണ വാര്ത്ത അറിഞ്ഞതിനെത്തുടര്ന്ന് ഗാരോണിന്റെ ഭാര്യയും സ്വയം വെടിവച്ചു മരിച്ചു എന്നാണ് ബ്രസീലിയന് പത്രങ്ങള് റിപ്പോര്ട്ടു ചെയ്യുന്നത്.
ബ്രസീലിയന് സിവില് ഏവിയേഷന് നിയമപ്രകാരം 18 വയസു പൂര്ത്തിയായ പരിശീലനം ലഭിച്ച ആളുകള്ക്ക് മാത്രമേ വിമാനം പറത്താന് അനുമതിയുള്ളു.
അപകടത്തെപ്പറ്റി കൂടുതല് അന്വേഷണം നടത്തുമെന്നാണ് സിവില് ഏവിയേഷന് ഏജന്സി പറയുന്നത്.
ആറു പേരെ വരെ വഹിക്കാന് സാധിക്കുന്ന ബീച്ച്ക്രാഫ്റ്റിന്റെ ബാരോണ് 58 എന്ന ട്വിന് എന്ജിന് വിമാനമാണ് അപകടത്തില് പെട്ടത്. ഏകദേശം 9.9 കോടി രൂപയാണ് ഈ വിമാനത്തിന്റെ വില.