എടത്വ: ഓളപ്പരപ്പിൽ പോരാട്ടത്തിനൊരുങ്ങുകയാണ് വൈദികൻ. നെഹ്റു ട്രോഫി ജലമേളയിൽ ഇരുട്ടുകുത്തി വിഭാഗത്തിൽ മാമ്മൂടൻ വള്ളത്തിന്റെ ക്യാപ്റ്റനായാണ് കൈനകരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് ചെമ്പിലകം എത്തുന്നത്.
ചമ്പക്കുളം സ്വദേശിയായ ഫാ. ജോസഫ് ചെമ്പിലകം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചുവരുകയാണ്. 2018 മുതൽ 2021 വരെ എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സെന്റ് മേരീസ് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് ചാക്കോ വർഗീസ് കാഞ്ഞിരവേലി, സെക്രട്ടറി ഷിബിൻ വർഗീസ് കായലിപ്പറമ്പ്, ട്രഷറർ ജോബി സ്കറിയ പതിനാറുപറ എന്നിവർ അടങ്ങിയ കൈനകരികരക്കാരാണ് വള്ളംകളിക്കു നേതൃത്വം നൽകുന്നത്.
ചമ്പക്കുളത്തു നടന്ന ജലോത്സവത്തിൽ മാമ്മൂടൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ആദ്യമായാണ് നെഹ്റു ട്രോഫി ജലോത്സവത്തിൽ മാമ്മൂടൻ വള്ളത്തിൽ തുഴയെറിയുന്നത്.
നാലു പതിറ്റാണ്ടുകളായി മത്സരരംഗത്തുള്ള മാമ്മൂടൻ 2018 ൽ പുതുക്കി പണിതു 2019 ഓഗസ്റ്റ് 15ന് നിരണിഞ്ഞിരുന്നു. മുപ്പത്തി ഒന്നേകാൽ കോല് നീളവും 46 അംഗുലം വീതിയുമുള്ള മാമ്മൂടനില് 51 തുഴക്കാരും മൂന്നു അമരക്കാരും മൂന്നു നിലയാളും ഉൾക്കൊള്ളാൻ കഴിയുന്നതാണ് വള്ളത്തിന്റെ ഘടന.