കടൽ കടന്ന്, മലനിരകൾ താണ്ടി അവരെത്തി പീരുമേട്ടിൽ; പിതാവിന്റെ ജൻമസ്ഥലം തേടി. ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്കൊടുവിൽ പിതാവിന്റെ ജനനരേഖകളും ജനിച്ചുവളർന്ന നാടും കണ്ടെത്തിയ സന്തോഷത്തിലാണ് ലണ്ടനിൽനിന്നുമെത്തിയ റോസി നിക്കോളിനും ഭർത്താവ് സാമും.
ലണ്ടനിൽനിന്നും കേരളത്തിലേക്കുള്ള യാത്രക്കിടയിലാണ് പിതാവിന്റെ ജൻമനാടും അരനൂറ്റാണ്ടിനു മുൻപത്തെ ജനനരേഖകൾ കണ്ടെത്തിയതും. 1959 -60 കാലഘട്ടത്തിലാണ് റോസിയുടെ പിതാവും പിതൃസഹോദരിമാരും പാന്പനാർ കൊടുവാക്കരണത്തെ എസ്റ്റേറ്റിൽ ജനിച്ചത്. ക്രൈസ്തവ ആചാരപ്രകാരം പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയത്തിലായിരുന്നു ഇവർക്ക് മാമോദിസ നൽകിയത്.
ബ്രിട്ടീഷുകാർ തേയിലതോട്ട വ്യവസായത്തിൽനിന്നും പിന്തിരിഞ്ഞു സ്വദേശത്തേക്ക് മടങ്ങിയവരോടൊപ്പം റോസിയുടെ പിതാവും ഇവരുടെ കുടുംബങ്ങളും ലണ്ടനിലേക്കു പോയി. ഈ കഥകളും അറിവുകളും കേട്ടുവളർന്ന റോസിയും ഭർത്താവും കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് കഴിഞ്ഞദിവസം ഏലപ്പാറ പള്ളിക്കുന്നിലെ ദേവാലയത്തിലെത്തുകയും പിതാവിന്റെ ജനനരേഖകൾ കണ്ടെത്താൻ ഇടവക വികാരി റവ. ജെയ്സിംഗ് റോബർട്ടിന് അപേക്ഷ നൽകിയതും.
വികാരിയോടൊപ്പം റോസിയും സാമും ചേർന്ന് ദേവാലയത്തിലെ രേഖകളും രജിസ്റ്ററുകളും പരിശോധിക്കുകയും ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവിൽ പിതാവ് ക്രിസ്റ്റഫർ മാർക്ക് സ്പെൻസർ, പിതൃസഹോദരിമാരായ ഖാറൂത്ത് നിക്കോൾ, ബെലീന്റാ ലൂയീസ് നിക്കോൾ എന്നിവരുടെ ജനനരേഖകൾ കണ്ടെത്തുകയായിരുന്നു.
റോസിയുടെ വല്യപ്പൻ ക്രിസ്റ്റഫർ നിക്കോളിന്റെ കൈവശമായിരുന്നു കൊടുവാക്കരണത്തെ തേയില തോട്ടം. കാപ്പി- തേയിലത്തോട്ട വ്യവസായത്തിനായി 1869-ൽ എത്തിയ ബ്രിട്ടീഷുകാർക്കായി റവ. ഹെൻട്രി ബേക്കർ ജൂനിയറാണ് പള്ളിക്കുന്ന് സിഎസ്ഐ ദേവാലയം നിർമിച്ചത്. ദേവാലയത്തിനോടു ചേർന്നുകിടക്കുന്ന ബ്രിട്ടീഷ് സെമിത്തേരിയും പിതാവിന്റെ ജൻമനാടും കണ്ടാണ് റോസിയുടെ നാട്ടിലേക്കുള്ള മടക്കം.