മുള്ളേരിയ: സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു മരിച്ചു.
തലശേരി അതിരൂപതയിലെ വൈദികനും മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളി വികാരിയുമായ ഫാ. മാത്യു (ഷിൻസ്) കുടിലിൽ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബ്രദർ സെബിൻ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ദേശീയപതാക താഴ്ത്തുമ്പോൾ കയറിൽ കുരുങ്ങിയതിനെ തുടർന്ന് കൊടിമരം എടുത്തുപൊക്കി അത് വിടർത്താൻ ശ്രമിക്കുന്പോഴായിരുന്നു അപകടം.
ഭാരവും കാറ്റും മൂലം കൊടിമരം മറിഞ്ഞ് തൊട്ടടുത്ത ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടി. കൊടിമരത്തെ മുറുകെ പിടിച്ച നിലയിലാണ് ഫാ. മാത്യു മറിഞ്ഞുവീണത്. ബ്രദർ സെബിൻ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ. മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കരുവഞ്ചാലിലെത്തിച്ചു. നാളെ രാവിലെ ഏഴിന് എടൂരിലെ വീട്ടിലെത്തിക്കും. എട്ടു മുതൽ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൊതുദർശനം. സംസ്കാരശുശ്രൂഷകൾ 10ന് ആരംഭിക്കും.
ഇരിട്ടി എടൂർ സ്വദേശിയായ ഫാ. മാത്യു 2020 ലാണ് തലശേരി അതിരൂപതയ്ക്കു കീഴിൽ വൈദികപട്ടം സ്വീകരിച്ചത്. കുടിയാൻമല, ചെമ്പന്തൊട്ടി, നെല്ലിക്കാംപൊയിൽ പള്ളികളിൽ അസി. വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഒന്നരവർഷം മുമ്പാണ് മുള്ളേരിയയിൽ ചുമതലയേറ്റത്. ദേലംപാടി സെന്റ് മേരീസ് പള്ളിയുടെ ചുമതലയും നിർവഹിച്ചിരുന്നു.
കർണാടകയിലെ പുത്തൂർ സെന്റ് ഫിലോമിന കോളജിൽ രണ്ടാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥിയായിരുന്നു. കെസിവൈഎം കാസർഗോഡ് ഫൊറോന ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.എടൂർ കുടിലിൽ കുടുംബാംഗമായ പരേതനായ അഗസ്റ്റിന്റെയും ലിസിയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ, ബിന്റോ. ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിലിന്റെ പിതൃസഹോദരന്റെ മകന്റെ മകനാണ് ഫാ. മാത്യു കുടിലിൽ.