ലിസിയില്‍ നിന്നും ചിലവുകാശ് കിട്ടാന്‍ വര്‍ക്കി കോടതി കയറിയിറങ്ങിയത് 30 തവണ; വര്‍ക്കിക്കായി സഹോദരന്‍ ബാബു മുടക്കിയത് അഞ്ചു ലക്ഷം രൂപ; വര്‍ക്കിയുടെ മരണത്തോടെ എല്ലാം കഴിഞ്ഞെന്ന് ബാബു

lissy1കോതമംഗലം: കേസ് ജയിച്ചാല്‍ അതിന്റെ ഗുണഭോക്താവാകേണ്ടിയിരുന്ന ആളു പോയി, ഇനി കേസിനു പിറകെ നടക്കാന്‍ താത്പര്യമില്ലെന്ന് നടി ലിസിയുടെ പിതാവ് വര്‍ക്കിയുടെ സഹോദരന്‍ ബാബു. ലിസിയില്‍ നിന്നു ചെലവിന് കിട്ടാന്‍ നിയമനടപടിയുമായി നീങ്ങിയ വര്‍ക്കിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത് സഹോദരന്‍ ബാബുവായിരുന്നു. വര്‍ക്കി യാത്രയായതിനാല്‍ ഇനി കേസുമായി അങ്ങോട്ടൊന്നും പോവാനില്ലെന്നും മനസു തോന്നി ലിസി എന്തെങ്കിലും തന്നാല്‍ വാങ്ങുമെന്നുമാണ് ബാബു പറയുന്നത്.

ബാബുവിന്റെ വീട്ടില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു സഹോദരനായ വി.ഡി വര്‍ക്കി മരണമടയുന്നത്. ശനിയാഴ്ച വൈകിട്ട് 5.15നായിരുന്നു മരണം. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ കീരംപാറ സെന്റ് ജോസഫ് പള്ളിയില്‍ നടന്നു. സമ്പന്നയായ മകളില്‍ നിന്നും ആഗ്രഹിച്ചതുപോലുള്ള സംരക്ഷണവും സാന്ത്വനവും ചേട്ടന് ലഭിക്കാതെ പോയതില്‍ തനിക്കും വലിയ മനോവിഷമമുണ്ടെന്നും എന്നാലും ഈ വിഷയത്തില്‍ നടന്നുവന്നിരുന്ന കേസ് നടപടികളുമായി താനോ കുടുംബമോ ഇനി മുന്നോട്ടില്ലന്നും ബാബു വ്യക്തമാക്കി.

പ്രമുഖ നടി ലിസിയുടെ പിതാവെന്നവകാശപ്പെട്ട് രംഗത്തെത്തുകയും  ജീവനാംശം ആവശ്യപ്പെട്ട് മൂവാറ്റുപുഴ ആര്‍ ഡി ഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തതോടെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ചേട്ടന്‍ അവസാനകാലത്ത് അനുഭവിച്ച കഷ്ടപ്പാടുകള്‍ പലവട്ടം തന്റെ കണ്ണുനയിച്ചിട്ടുണ്ടെന്നും ബാബു പറയുന്നു. 2007 മുതലാണ് വര്‍ക്കി ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ആരംഭിച്ചത്. നിയമത്തില്‍ കാര്യമായ അറിവുണ്ടായിരുന്ന വര്‍ക്കി 2010 വരെ കേസുകള്‍ സ്വയം വാദിച്ചു. കേസ് വഴിമാറി ഹൈക്കോടതിയിലേക്കും കുടുംബക്കോടതിയിലേക്കും എത്തിയപ്പോള്‍ പുറമേ നിന്നും കേസ് നടത്താന്‍ അഭിഭാഷകരെയും ചുമതലപ്പെടുത്തേണ്ടി വന്നു. ഇത് വര്‍ക്കിയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയായി. വര്‍ക്കിയുടെ ശരീരം തളര്‍ന്ന അന്നു മുതല്‍  കഴിഞ്ഞ 5 വര്‍ഷമായി ഒരു അവധിപോലും തെറ്റാതെ ചേട്ടനെയും കൂട്ടി താനാണ് കോടതിയില്‍ എത്തിയിരുന്നതെന്നും 30 തോളം തവണ വിവിധ കോടതികളില്‍ ഈ ആവശ്യത്തിനായി പോകേണ്ടി വന്നെന്നും ബാബു പറയുന്നു. ഈയിനത്തില്‍ അഞ്ചു ലക്ഷത്തിലധികം രൂപ തനിക്ക് ചെലവായിട്ടുണ്ടെന്നു പറയുന്ന ബാബു തുക ചിലവഴിച്ചത് കൂടപ്പിറപ്പിനു വേണ്ടിയായതിനാല്‍ വിഷമമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേസ് പരിസമാപ്തിയിലേക്ക് നീങ്ങുമ്പോള്‍ ഈ തുക എതിര്‍ഭാഗം നല്‍കാന്‍ തയ്യാറായാല്‍ താനത് സ്വീകരിക്കുമെന്നും ബാബു അറിയിച്ചിട്ടുണ്ട്.
Picture_003
ജീവനാശം ആവശ്യപ്പെട്ട് ലിസിയ്‌ക്കെതിരേ നല്‍കിയ പരാതിയില്‍ വര്‍ക്കിയോട് ഇന്ന് നേരിട്ടു ഹാജരാകാന്‍ എറണാകുളം കുടുംബക്കോടതി മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഇതിനായി വാഹനവും മറ്റും ഏര്‍പ്പാടാക്കിയിരുന്നെന്നും ഇത് നടന്നിരുന്നെങ്കില്‍ ലിസിക്കെതിരെ നടന്നുവരുന്ന കേസ്സില്‍ ചേട്ടന് അനുകൂലമായ സമീപനം കോടതിയുടെ ഭാഗത്ത് നിന്നും ലഭിക്കുമായിരുന്നെന്നായിരുന്നു തന്റൈ കണക്കുകൂട്ടലെന്നും ബാബു വെളിപ്പെടുത്തി.കഴിഞ്ഞ മാര്‍ച്ച് 28 -നായിരുന്നു കേസ് കോടതി അവസാനമായി പരിഗണിച്ചത്.

ലിസിയുടെ പിതാവ് വര്‍ക്കി അല്ലെന്ന വസ്തുത മാറ്റി നിര്‍ത്തിയാല്‍ പോലും സ്വന്തം പിതാവിന്റെ പേര് വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടോ എന്നും ഇങ്ങിനെയുള്ള രേഖകള്‍ ഉണ്ടെങ്കില്‍ പിതാവിന്റെ സ്ഥാനത്ത് ആരുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും അന്ന് കോടതി ലിസിയുടെ അഭിഭാഷകരോട് ചോദിച്ചെന്നും ഈ അവസരത്തില്‍ ഇവര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും വര്‍ക്കിക്കൊപ്പം കോടതിയില്‍ എത്തിയിരുന്ന ബാബു പറഞ്ഞു. കേസ് നടപടികള്‍ കൂടുതല്‍ പുരോഗതി പ്രാപിച്ചതോടെ ഗുണ്ടാസംഘങ്ങളുടെ ഭീഷണി വര്‍ക്കി നേരിടേണ്ടി വന്നിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് താന്‍ സഹോദരനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുന്നതെന്നും ബാബു പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ ശരീരം തളര്‍ന്ന വര്‍ക്കിയ്ക്ക എഴുന്നേറ്റു നടക്കാന്‍ പോലുമാവാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പരസഹായം കൂടാതെ ഭക്ഷണം പോലും കഴിക്കാനാവുമായിരുന്നില്ല. ഈ ദുരിതങ്ങളെല്ലാം അവസാനിപ്പിച്ചാണ് വര്‍ക്കി ജീവിതത്തില്‍ നിന്ന് യാത്രയായത്.

Related posts