ജനിച്ചത് അമ്മയുടെ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍; നാലുവയസുള്ളപ്പോള്‍ അച്ഛനെ പിരിഞ്ഞു; ഒടുവില്‍ ആ അച്ഛന്‍ തിരിച്ചറിഞ്ഞു ലോകകോടീശ്വരനായ ജെഫ് ബെസോസ് തന്റെ മകനാണെന്ന്…

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന നേട്ടത്തിലെത്തിയ ജെഫ് ബെസോസ് എന്നും സഞ്ചരിച്ചത് വേറിട്ട വഴികളിലൂടെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലയായ ആമസോണിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 7.25 ലക്ഷം കോടി രൂപയാണ്. ലോക സമ്പന്നനാണെങ്കിലും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനോ ഫേസ്ബുക്ക് സി.ഇ.ഒ: മാര്‍ക്ക് സുക്കര്‍ബര്‍ഗിനോ കിട്ടിയ മാധ്യമ ശ്രദ്ധ കിട്ടിയില്ല എന്നതാണ് പലര്‍ക്കും ബെസോസ്് അപരിചിതനാവാന്‍ കാരണം.

എന്തിന് ഏറെ പറയണം സ്വന്തം അച്ഛന്‍ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെന്നതാണ് യാഥാര്‍ഥ്യം.വലിയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു അമ്മ ജാക്കിലി ജിസ് ജോര്‍ജെന്‍സണ്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലയളവിലാണ് കാമുകന്‍ ടെഡ് ജോര്‍ജെന്‍സണില്‍ നിന്ന് അവര്‍ ഗര്‍ഭം ധരിക്കുന്നത്. അങ്ങനെ പതിനേഴാം വയസില്‍ അവര്‍ ബെസോസിന് ജന്മം നല്‍കി. ബെസോസിന് നാലു വയസുള്ളപ്പോള്‍ അവര്‍ ടെഡുമായി പിരിഞ്ഞ് പതിനഞ്ചാം വയസില്‍്ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തിയ മിഗ്വേല്‍ ബെസോസിനെ വിവാഹം കഴിച്ചു. മിഗ്വേല്‍ ജെഫിനെ ദത്തെടുത്തതോടെ ജെഫ് ജോര്‍ജെന്‍സണ്‍ ‘ജെഫ് ബെസോസ്്’ ആയി.

പിന്നീട് പലയിടത്തായി മിഗ്വേലും കുടുംബവും മാറിത്താമസിച്ചതോടെ ടെഡും മകനും അകന്നു. പിന്നീട് മകനെവിടെയാണെന്നുപോലും പിടിയില്ലായിരുന്ന ടെഡ് അടുത്തകാലത്ത് ഒരു അഭിമുഖത്തിനിടെയായിരുന്നു ഇത്രവലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ തന്റെ മകനാണെന്ന വിസ്മയിപ്പിക്കുന്ന സത്യം അറിഞ്ഞത്. ചെറുപ്പത്തില്‍ തന്നെ സമര്‍ഥനായിരുന്ന ബെസോസിന് ഒരു ബഹിരാകാശ സംരംഭകനാകണമെന്നായിരുന്നു ആഗ്രഹം. മനുഷ്യരാശിയുടെ ഭാവി ഭൂമിയില്‍ അല്ലെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹം ഇന്ന് ”ബ്ലൂ ഒറിജന്‍” എന്ന ബഹിരാകാശ ഗവേഷണ കമ്പനിയുടെ ഉടമയാണ്. മക്‌ഡൊണാള്‍ഡ് കമ്പനിയിലൂടെയായിരുന്നു ജെഫിന്റെ തുടക്കം.

അവിടുത്തെ കഠിനമായ ജോലി മടുത്ത ജെഫ് സ്വതന്ത്രമായ ജോലിയെക്കുറിച്ച് ചിന്തിച്ചു. അങ്ങനെയാണ് ഡ്രീം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ കുരുന്നുകള്‍ക്കായി പത്തുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നതിലേക്ക് എത്തിയത്.പങ്കെടുക്കാന്‍ 600 ഡോളറായിരുന്നു ഫീസ്. പരിപാടി വിജയമായി. ഇതിനിടെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്നു ഇലക്ട്രോണിക് എന്‍ജിനീയറിംഗില്‍ ബിരുദവും നേടി. നേരേ സിയാറ്റിലിലേക്കാണു പോയത്. അവിടെ 1986 മുതല്‍ 94 വരെ പല ജോലികളും പരീക്ഷിച്ചു. 1993ല്‍ മക്കന്‍സി ടട്ടിലിനെ വിവാഹം ചെയ്തതോടെ ജീവിതച്ചിലവിനായി കൂടുതല്‍ പണം കണ്ടെത്തേണ്ട സ്ഥിതിയായി.

അങ്ങനെയിരിക്കെയാണ് ഇന്റര്‍നെറ്റിന്റെ ഉപയോഗം 2,300 ശതമാനം വര്‍ധിച്ചെന്ന വാര്‍ത്ത ജെഫിന്റെ കണ്ണില്‍പ്പെടുന്നത്. അങ്ങനെ 20 ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ പട്ടിക തയാറാക്കി.എന്നാല്‍ പുസ്തക വില്‍പ്പന മാത്രമാണ് ജെഫിന് സാക്ഷാത്കരിക്കാനായത്. ഇതായിരുന്നു ആമസോണിന്റെ തുടക്കം.1994ല്‍ ഒരു ഗാരേജില്‍ ആയിരുന്നു കമ്പനി തുടങ്ങിയത്. പിന്നെ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ആമസോണിന്റെ വളര്‍ച്ച. ജോലിക്കാരേറെയുണ്ടായിരുന്നെങ്കിലും എല്ലായിടത്തും തന്റെ കണ്ണെത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പിന്നീടു നേതൃത്വത്തിനു വിദഗ്ധരെ നിയമിച്ചു. കണ്ണുതുറക്കുന്ന വേഗത്തില്‍ സാമ്രാജ്യം വളര്‍ന്നു. ഗൂഗിളിലെ ആദ്യനിക്ഷേപകരിലൊരാളുമായി. കടലാസ് രഹിത കച്ചവടത്തിനു പ്രോത്സാഹനം നല്‍കുന്ന കമ്പനിയാണ് ആമസോണ്‍. എന്നാല്‍, ബെസോസിന് നിര്‍ദേശങ്ങള്‍ കടലാസില്‍തന്നെ വേണം. പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ അദ്ദേഹത്തിന് ഇഷ്ടമല്ല.

2013 ഓഗസ്റ്റില്‍ ദ് വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തെ അദ്ദേഹം വാങ്ങുകയും ചെയ്തു. 25 കോടി ഡോളറാണ് ഇതിനു മുടക്കിയത്. ജീവനക്കാരോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തികൂടിയാണു ബെസോസ്. 2016 ല്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറെ ഇറാന്‍ തടഞ്ഞുവച്ചപ്പോള്‍ വ്യക്തിപരമായി ആവശ്യത്തിന് ഉപയോഗിക്കുന്ന വിമാനം അയച്ചാണ് അദ്ദേഹത്തെ നാട്ടിലെത്തിച്ചത്. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് സംബന്ധിച്ച പരീക്ഷണം ഐ.എസ്.ആര്‍.ഒ. പോലുള്ള രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ തുടരുകയാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം തന്നെ ഇതു സംബന്ധിച്ച പരീക്ഷണം ബ്ലൂ ഒറിജിന്‍ വിജയമാക്കി. ലോക കോടീശ്വരന്‍ എന്ന സ്ഥാനം ലഭിച്ചെങ്കിലും ബെസോസ് ഇതില്‍ മനംമയങ്ങാതെ സ്വപ്‌നങ്ങളുടെ പിന്നാലെയുള്ള കുതിപ്പ് തുടരുകയാണ്.

 

Related posts