കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ട് പോയെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഞായറാഴ്ച്ച രാത്രി 11 നായിരുന്നു സംഭവം. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ കുടുംബം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി.
പരാതിയില്‍ കാര്‍ ഡ്രൈവര്‍ കറുകച്ചാല്‍ പൂവത്തുംമൂട്ടില്‍ ജോസഫ് ജോണിനെതിരേ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന ജോസഫ് ജോണിന്റെ പരാതിയില്‍ അക്ഷയ്ക്കും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. ഇരു കേസുകളിലുമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.
പോലീസ് പറയുന്നത് ഇങ്ങനെ
അതേസമയം സംഭവത്തെക്കുറിച്ച് ചേരാനല്ലൂര്‍ പോലീസ് പറയുന്നത് ഇങ്ങനെ; സ്കൂട്ടറില്‍ വീട്ടിലേക്ക് വരികെയായിരുന്ന അക്ഷയുടെയും സഹോദരി അനസയുടേയും ദേഹത്ത് കാർ പോകവെ ചെളിതെറിക്കുകയായിരുന്നു. തുടർന്ന് കാർ പിന്തുടര്ന്ന് തടഞ്ഞ് നിര്‍ത്തിയ ശേഷം അക്ഷയ് ഡ്രൈവറുമായി വാക്കേറ്റമായി.
തുടര്‍ന്ന് ബൈക്കില്‍ അവിടെനിന്ന് പോയ ഇവരുടെ ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കാനായി കാറിലുണ്ടായ സംഘം പിന്തുടരുകയായിരുന്നു. ബൈക്ക് യാത്രികരുടെ വീടിന് സമീപതെത്തിയ കാര്‍ യാത്രികരെ അക്ഷയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സംഘം തടഞ്ഞുവച്ച് കൈയേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായി.
തുടര്‍ന്ന് കാറില്‍ കയറി രക്ഷപ്പെടാനൊരുങ്ങിയപ്പോള് ഡോര്‍ അടഞ്ഞതിനെ തുടര്‍ന്ന് അക്ഷയുടെയും പിതാവിന്റെയും കൈ കാറില്‍ കുരുങ്ങി മുന്നോട്ടു നീങ്ങി. തുടര്‍ന്ന് പരാതിയുമായി ഇരു കൂട്ടരും സ്റ്റേഷനില്‍ എത്തിയെങ്കിലും അക്ഷയ് നല്കിയ പരാതി അപൂര്‍ണമായിരുന്നു.
ഇരു കൂട്ടരും മര്‍ദനത്തില്‍ പരിക്കേറ്റുവെന്ന് ആരോപിച്ച് ആശുപത്രിയിലേക്കു പോയി. എന്നാല്‍ ആദ്യം മൊഴി നല്കാന് അക്ഷയും സഹോദരിയും തയാറായില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ഉണ്ടൈന്ന് അറിഞ്ഞ് പോലീസ് അങ്ങോട്ട് എത്താമെന്ന് അറിയിച്ചിട്ടും തയാറായില്ല. ഒപിയില്‍ ഡോക്ടറെ കണ്ട് ഏറെ നേരത്തിനു ശേഷമാണ് ഇരുവരും മൊഴി നല്‍കിയത്.
ഇരുവരുടെയും വ്യത്യസ്ത വാദം
അതേസമയം സംഭവത്തെ കുറിച്ച് രണ്ട് കൂട്ടരും രണ്ട് വാദങ്ങളാണ് ഉന്നയിക്കുന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതാണ് കാര്‍ യാത്രികരെ പ്രകോപിപ്പിച്ചതെന്നാണ് അക്ഷയും സഹോദരിയും പറയുന്നത്. കാറില്‍ ഒരു കിലോമീറ്ററോളം യുവാവിനെയും പിതാവിനെയും റോഡിലൂടെ വലിച്ചുകൊണ്ടുപോയതായും ഇവര്‍ ആരോപിച്ചു.
പ്രതികള്‍ ഉന്നതബന്ധമുള്ളവരായതിനാല് പോലീസ് ആദ്യം കേസ് എടുത്തില്ലെന്നും നാട്ടുകാര്‍ പോലീസിനു കൈമാറിയ കാറും അതിലുള്ളവരേയും ഉടന്‍ വിട്ടയച്ചെന്നുമാണ് ഇവരുടെ ആരോപണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനു പിന്നാലെയാണ് ചേരാനല്ലൂര്‍ പോലീസ് കേസ് എടുക്കാന്‍ തയാറായതെന്നും ഇവര്‍ ആരോപിച്ചു.
അച്ഛന്റെയും മകന്റെയും മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രാണരക്ഷാര്‍ഥം ഓടാന്‍ ശ്രമിക്കുമ്പോഴാണ് വിവാദ സംഭവമുണ്ടായതെന്നാണ് കാറിലുള്ള കുടുംബം പറയുന്നത്. കാര്‍ തടഞ്ഞുവച്ച് മര്‍ദിക്കാന്‍ ശ്രമിച്ചതായാണ് ഇവരുടെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പോലീസിനു കൈമാറി. ഇപ്പോള്‍ തങ്ങള്‍ക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഇവര്‍ ആരോപിക്കുന്നു.