ലണ്ടൻ: കുഞ്ഞുങ്ങളുടെ പരിപാലനം ഒട്ടും ഈസിയായ പണിയല്ല. എന്നിരുന്നാലും സ്വന്തം ചോരയിൽ പിറന്ന കുട്ടികളെ ബഹുഭൂരിഭാഗം മാതാപിതാക്കളും ശല്യമായി കാണുകയോ അവരെ നോക്കാതിരിക്കുകയോ ചെയ്യാറില്ല.
എന്നാൽ, യുകെയിലെ കേംബ്രിഡ്ജ് സ്വദേശിയായ ഒരു അച്ഛനെക്കുറിച്ചുള്ള വാർത്ത അൽപം വ്യത്യസ്തമാണ്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ വീടുവിട്ടിറങ്ങി പൂന്തോട്ടത്തിൽ ടെന്റ് കെട്ടി താമസമാക്കിയിരിക്കുകയാണു സ്റ്റുവർട്ട് എന്ന യുകെക്കാരൻ.
മുപ്പത്തിയെട്ടുകാരനായ ഇയാൾ ഒരു സ്കൂൾ അധ്യാപകനാണ്. ഇദ്ദേഹത്തിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടു മക്കൾ. ഇവരുടെ മൂത്ത മകൻ ഫാബിയന്‍ രണ്ടു വയസുള്ളപ്പോഴാണു രണ്ടാമത്തെ കുഞ്ഞു പിറന്നത്.
സന്തോഷത്തോടെതന്നെ രണ്ടാമനെ ഇരുവരും വരവേറ്റു. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞപ്പോൾതന്നെ, അച്ഛന്റെയും അധ്യാപകന്റെയും ഉത്തരവാദിത്വങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ കടുത്ത സമ്മർദത്തിലായ യുവാവ് വീടു വിടുകയായിരുന്നു.
ഭാര്യയെയും മക്കളെയും വിട്ട് മുറ്റത്തെ ടെന്റിൽ താമസമാക്കിയതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമൊക്കെ സ്റ്റുവർട്ടിനെ കുറ്റപ്പെടുത്തി. എന്നാൽ തന്റെ ഭർത്താവിന്റെ മാനസികാവസ്ഥ മനസിലാക്കിയ സ്റ്റുവർട്ടിന്റെ ഭാര്യ ക്ലോ ഹാമിൽട്ടൺ അദ്ദേഹത്തെ പിന്തുണച്ചു.
പ്രസവാനന്തരവിഷാദം എന്ന അവസ്ഥ അമ്മയാകുന്നവർക്കു മാത്രമല്ല അച്ഛനാകുന്നവർക്കും വരാമെന്നും അതു മനസിലാക്കി പെരുമാറണമെന്നും ആവശ്യമാണെങ്കിൽ വേണ്ടത്ര വിശ്രമം എടുക്കാൻ പുരുഷന്മാർ മടി കൂടാതെ തയാറാകണമെന്നും അവർ പറഞ്ഞു.