അച്ഛനില്ലാത്ത നിരാലംബരായ യുവതികളുടെ വിവാഹം പിതൃസ്ഥാനത്തു നിന്ന് നടത്തിക്കൊടുക്കുന്ന വ്യവസായി

Father_businessman01

പെണ്‍മക്കളുടെ വിവാഹം കൃത്യസമയത്ത് നടത്തുകയെന്നത് എല്ലാ അച്ഛന്‍മാരുടെയും സ്വപ്നമാണ്. എന്നാല്‍ സ്വപ്നങ്ങളും സാഫല്യങ്ങളും നിറവേറ്റാന്‍ കഴിയാതെ ജീവിതയാത്ര അവസാനിപ്പിക്കേണ്ടി വരുന്ന അച്ഛന്‍മാരുമുണ്ട്. അച്ഛന്റെ വിയോഗം സൃഷ്ടിച്ച അനാഥത്വത്തിലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലും കഴിയുന്ന പെണ്‍മക്കള്‍ക്ക് ആശ്വാസമാകുന്ന ഒരു വ്യവസായിയുണ്ട്, അങ്ങ് ഗുജറാത്തില്‍. മഹേഷ് സവാനി.

അച്ഛനില്ലാത്ത നിര്‍ധന കുടുബാംഗങ്ങളായ യുവതികളുടെ വിവാഹം കഴിഞ്ഞ എട്ടുവര്‍ഷമായി നടത്തിക്കൊടുത്താണ് ഈ സൂററ്റ് സ്വദേശി കാരുണ്യത്തിന്റെ പ്രതിരൂപമായി മാറുന്നത്. ഇതിനോടകം 700ലധികം പെണ്‍കുട്ടികളുടെ വിവാഹമാണ് ഈ വ്യവസായി മുഴുവന്‍ ചിലവുകളും ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. കല്യാണത്തിനോടനുബന്ധിച്ചുള്ള ചിലവുകള്‍ ഏറ്റെടുക്കാന്‍ മാത്രമല്ല സവാനി തയ്യാറാകുന്നത്. കല്യാണ മണ്ഡപത്തിലെ ചടങ്ങുകളിലും മറ്റുമെല്ലാം നവവധുവിന്റെ അച്ഛനായി നിന്ന് ആശീര്‍വാദം നല്‍കാനും നിറകണ്ണുകളോടെ നവവധുവിനെ യാത്രയാക്കാനും ഈ അച്ഛനുണ്ടാകും.

പേരിനൊരു കല്യാണം നടത്തി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിയാനും സവാനി തയാറല്ല. വിവാഹിതരായ പെണ്‍മക്കള്‍ക്ക് എന്താവശ്യത്തിനും ഈ അച്ഛന്റെ അരികില്‍ എത്താം. സഹായം ആവശ്യപ്പെടാം. 2012 മുതല്‍ എല്ലാ ഡിസംബര്‍ മാസത്തിലും നിര്‍ധനരായ യുവതീയുവാക്കള്‍ക്കായി സമൂഹ വിവാഹം സംഘടിപ്പിക്കാനും സവാനിക്ക് കഴിയുന്നുണ്ട്. ഈ കഴിഞ്ഞ ഡിസംബറില്‍ നടന്ന സമൂഹ വിവാഹത്തിലാണ് സവാനിയുടെ സ്വന്തം മക്കളുടെ വിവാഹവും നടന്നത്. തനിക്കു കഴിവുള്ളിടത്തോളം കാലം ഈ സദ്കര്‍മ്മങ്ങള്‍ അഭംഗുരം തുടരുക എന്നതാണ് മഹേഷ് സവാനിയുടെ സ്വപനം.

Father_businessman03

Related posts