വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം നമ്മുടെ വികാരമാണ്. മാതാപിതാക്കള്‍ സ്വന്തം കൈകൊണ്ട് പാകം ചെയ്ത് തരുന്നത് എത്ര ചെറിയ വിഭവം തന്നെയായാലും അതിനൊരു പ്രത്യേക രുചി തന്നെയാണ്.
കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ പലതരത്തിലുള്ള സൂത്രപ്പണികള്‍ കാണിച്ചാണ് കുട്ടികളെക്കൊണ്ട് ഭക്ഷണം നൽകുന്നത്.
അത്തരത്തിലുള്ള ഓര്‍മകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജോലിയ്ക്ക് പോകാനായി ഒരുങ്ങുന്ന മകള്‍ക്ക് തിരക്ക് കാരണം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ അച്ഛന് ഭക്ഷണം വാരി കൊടുക്കുകയാണ്.
വീഡിയോ തുടങ്ങുമ്പോള്‍ പെണ്‍കുട്ടി മേക്കപ്പ് ഇടുകയാണ്. അവളുടെ അടുത്ത് തന്നെ അച്ഛന് പ്ലേറ്റുമായി നില്ക്കുന്നതും കാണാം. തിരക്കിട്ട് മേക്കപ്പിടുന്ന മകള്‍ക്ക് അച്ഛന് ഭക്ഷണം വാരി കൊടുക്കുകയാണ്.
തന്റെ അച്ഛനെ താന്‍ എത്രമാത്രം സ്നേഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.