സാന്പത്തിക ബുദ്ധിമുട്ട് കാരണം അച്ഛന് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ നൽകി മകൻ.
വർഷങ്ങൾക്ക് മുന്പാണ് സാന്പത്തിക ബുദ്ധിമുട്ട് കാരണം ജാവ വിൽക്കേണ്ടി വന്നത്. വിറ്റ ജാവയെ കണ്ടെത്താൻ മകൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.
ഒടുവിൽ ഒരു സുഹൃത്ത് കൈയിലുണ്ടായിരുന്ന ജാവ ബൈക്ക് വിറ്റ ജാവ പോലെ വർക്ക്ഷോപ്പിൽ പണിത് നൽകുകയായിരുന്നു. ഉജൽ മാങ്കുഴി എന്ന ആൾ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
പോസ്റ്റിന്റെ പൂർണരൂപം
ജാവ”
#jawa
ഇരു പുകക്കുഴലിലൂടെയും ഓയിൽ കലർത്തിയ പെട്രോൾ കത്തുന്ന പുകച്ചുരുളുകൾ തുപ്പി അവൻ ഇറക്കം ഇറങ്ങി ചെറിയ വളവു തിരിഞ്ഞു അപ്രത്യക്ഷമായിട്ടും ഞാൻ വീടിന്റെ മുൻപിൽ ഉള്ള റോഡിൽ തന്നെ നിന്നു അവന്റെ മുരൾച്ച എന്റെ കർണാപഠങ്ങളിൽ നിന്നും അന്യമാകും വരെ….
പ്രാപ്തമാകുന്ന എന്നെങ്കിലും ഒരുനാൾ കയറിയിരുന്നു ഓടിക്കണം എന്ന് ഓർമവെച്ച നാൾമുതൽ ഒരുപാടു ആഗ്രഹിച്ച ഒരു വാഹനം.
അത് വീട്ടിൽ നിന്നും മറ്റൊരാൾ വന്നു വാങ്ങിക്കൊണ്ടു പോകുന്നത് ഒരു അഞ്ചാം ക്ളാസുകാരനെ സംബന്ധിച്ചിടത്തോളം അസ്സഹനീയമായിരുന്നു…
അച്ഛൻ അത് വിൽക്കാനുണ്ടായ സാഹചര്യം മനസ്സിലാക്കാനുള്ള പ്രായമാകും വരെ….
അന്ന് മുതൽ എന്നെങ്കിലും അവനെ തിരിച്ചു വീട്ടിൽ എത്തിക്കും എന്ന ആഗ്രഹം പുസ്തകത്തിൽ ഒളിപ്പിച്ച മയിൽപീലിതുണ്ട് പോലെ ആ കുഞ്ഞു മനസ്സിൽ സൂക്ഷിച്ചു പോന്നു.
ബുള്ളറ്റ് ആയിരുന്നു അച്ഛന്റെ ആദ്യകാല വാഹനം എന്ന് കേട്ടിണ്ടുണ്ട് .. എന്നാൽ എനിക്ക് ഓർമയുള്ള കാലം മുതൽ ജാവയായിരുന്നു അച്ഛൻ ഉപയോഗിച്ചിരുന്നത്.
അച്ഛൻ കൂടുതൽ താല്പര്യവും ജാവയോടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആദ്യമാദ്യം അച്ഛന്റെ കൂടെ മുന്നിൽ ആ ഉരുണ്ട ടാങ്കിൽ ഇരുന്നു ടാങ്കിൽ തന്നെ ഉള്ള ഇഗ്നിഷൻ സ്വിച്ചിൽ കൈ പിടിച്ചു കാറ്റിൽ മുടിയൊക്കെ പാറിച്ചു രണ്ട് സൈലൻസറിലൂടെയും ഉള്ള മുരൾച്ചയും ആസ്വദിച്ചു ഒരുപാടു യാത്രകൾ….
ഇടയിൽ എന്നോ അച്ഛന് സംഭവിച്ച സാമ്പത്തിക പരാധീനതകളും ആയിരിക്കണം അച്ഛനെ അന്ന് മനസ്സുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആ വാഹനം വിൽക്കാൻ നിർബന്ധിതമാക്കിയത്.
താക്കോലും രേഖകളും കൈമാറിയ ശേഷം കൈകൊണ്ട് ഒന്ന് തഴുകി നിസംഗഭാവത്തിൽ മാറിനിന്ന അച്ഛൻ അന്ന് എത്രമാത്രം വിഷമിച്ചു കാണും എന്ന് മനസിലാക്കാൻ വർഷങ്ങൾ എടുത്തു എന്നതും ഒരു വസ്തുയാണ് .
അന്ന് മുതൽ ആ വണ്ടിക്കായി അന്വേഷണം തുടങ്ങി വീട്ടിൽ ആർക്കും അതിന്റെ നമ്പർ ഓർമയില്ല പഴയ ഫോട്ടോകൾക്കായി ആൽബങ്ങൾ തിരഞ്ഞു കിട്ടിയില്ല.
പിന്നെയും കുറെ കാലം അന്ന് അഞ്ചാം ക്ലാസുകാരൻ അടച്ചു വെച്ച മയിൽപീലി തുണ്ട് അടങ്ങിയ പുസ്തകം തുറക്കാതെ മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ചു പുതിയ വീട് പാല് കാച്ചുന്നത് വരെ….
ഇടയിൽ പ്രവാസത്തിന്റെ നാളുകളിൽ ഈ കഥകേട്ട കൂട്ടുകാരിൽ ഒരാളായ ജഗ്ഗു (ജഗതീഷ്) Jagadeesh Chirukandathഎന്ന വണ്ടി പ്രാന്തൻ അവന്റെ കയ്യിലുള്ള പഴയ ജാവ മൈസൂരിൽ കൊടുത്തുവിട്ട് ഞാൻ പറഞ്ഞ പഴയ ഓർമകളിലെ രൂപവും നിറവും വെച്ചു പണിതു നൽകി….വീട് പാൽകാച്ചുന്നതിന്റെ തലേ നാൾ ആരും അറിയാതെ ഞാൻ അത് വീട്ടിൽ എത്തിച്ചു
അച്ഛൻ ഇത് കാണുമ്പോൾ എന്തായിരിക്കും മനസ്സിൽ ഓർമകളിൽ എന്നോ നഷ്ടപ്പെട്ട പ്രിയ വാഹനം വീണ്ടും പുത്തൻ പോലെ കൈകളിലേക്ക് എത്തിച്ചേരുമ്പോൾ അച്ഛൻ ഒരുപാട് സന്തോഷിക്കുമായിരിക്കും അന്ന് രാത്രി മുഴുവൻ ഇത് ആലോചിച്ചു നേരം വെളുപ്പിച്ചു…..
നേരെ വന്നു കണ്ട അച്ഛൻ ഒരു നിമിഷം സ്ഥബ്ധനായോ എന്നൊരു സംശയം വിറയർന്ന കൈയോടെ ഇടതുകൈ ക്ലച്ച് ലിവറിൽ വെച്ചു വലതുകൈ കൊണ്ട് ടാങ്കിൽ ഒന്ന് തഴുകി……
ആ നിശബ്ദതക്ക് ആയിരം നാവുകളുണ്ടായിരുന്നു.
എന്നോ നഷ്ടപ്പെട്ട മഞ്ചാടികുരുക്കൾ തിരിച്ചുകിട്ടിയ പോലെ മനസ്സിന്റെ പുസ്തകത്തിൽ ഒളിപ്പിച്ച മയിപീലി പെറ്റുപെരുകിയത് കണ്ടപ്പോലെ മതിമറന്നു സന്തോഷിച്ച ഒരു അഞ്ചാംക്ലാസുകാരന്റെ ആത്മാനിർവൃതിയായിരുന്നു എനിക്ക് അപ്പോൾ…
പ്രിയപ്പെട്ട കൂട്ടുകാരുമായി സന്തോഷം പങ്കുവയ്ക്കുന്നു ഉജൽ മാങ്കുഴി