തൃശൂർ: ലോക്ക്ഡൗണ്‍ തിരക്കിനിടയിലും കുടുംബബന്ധങ്ങളുടെ വില മനസിലാക്കി പോലീസ്. കാഞ്ഞാണിയിലാണ് പൊരിവെയിലത്തു നിൽക്കുന്നതിന്റെ കഷ്ടപ്പാടിനിടയിലും ഒരു അച്ഛന്റെ പിണക്കം മാറ്റിയത്.
തൃശൂർ – കാഞ്ഞാണി സംസ്ഥാന പാതയിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്പോഴായിരുന്നു സംഭവം.
ചെക്കിംഗിനിടെ ദേഷ്യത്തിൽ വളരെ വേഗത്തിൽ ഒരു വൃദ്ധൻ നടന്നുവരുന്നതു ശ്രദ്ധയിൽപെട്ടു. ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ചെക്കിംഗ് പോയിന്റിൽ ഇരുത്തി.
ദേഷ്യം മാറിത്തുടങ്ങിയപ്പോൾ കുശലാന്വേഷണം തുടങ്ങി. സൂത്രത്തിൽ പേരും വിലാസവും ചോദിച്ചുമനസിലാക്കിയിരുന്നു. സംസാരിക്കുന്നതിൽ പന്തികേട് തോന്നിയ പോലീസുദ്യോഗസ്ഥർ പേരും വിലാസവും പോലീസ് സ്റ്റേഷനുകളിലേക്കു കൈമാറി.
ഈ സമയത്തു കാണാതായ അച്ഛനെ തിരഞ്ഞുനടക്കുകയായിരുന്നു മകൻ ടോണി. സാധാരണയായി അച്ഛൻ പോകാറുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ ഇരിക്കുന്പോഴായിരുന്നു ചെക്കിംഗ്.പോയിന്റിലിരിക്കുന്ന അച്ചന്റെ അടുത്തേക്ക് മകനെ വിളിച്ചുവരുത്തുന്നത്.
തുടർന്ന് പിണക്കം മാറ്റി അച്ഛനെ മകനോടൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു പോലീസ്. അരിന്പൂർ ചിറക്കേക്കാരൻ വീട്ടിൽ റപ്പായി(65)യാണ് വീട്ടിൽനിന്നും പിണങ്ങി പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയത്. അച്ഛനു പ്രായത്തിന്റെ അവശതകളും മാനസികാരോഗ്യപ്രശ്നങ്ങളുമുണ്ടെന്നു മകൻ ടോണി പറഞ്ഞു.