മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാടാന്പുഴ സ്വദേശിയായ നാൽപതുകാരനെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്.
2016 ഒക്ടോബർ ആറിനും ഏഴിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഏറെ നേരം ടിവി കണ്ടിരുന്ന കുട്ടി ഉറങ്ങിപ്പോയപ്പോൾ പിതാവ് ബെഡ് റൂമിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇത്. മാതാവ് തിരിച്ചെത്തിയപ്പോൾ കുട്ടി പീഡന വിവരം അറിയിക്കുകയായിരുന്നു.
ഒക്ടോബർ എട്ടിനു മാതാവ് കാടാന്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പിറ്റേന്ന് പ്രതി അറസ്റ്റിലായി. വിധിയനുസരിച്ചുള്ള പിഴ സംഖ്യ ഒടുക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
അതോടൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിനനു നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദേശം നൽകി.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഐഷ പി. ജമാൽ ഹാജരായി.