ആലപ്പുഴ :തന്റെ ഒന്പതു മക്കളേയും സർക്കാർ സർവീസിൽ എത്തിച്ച പിതാവിന് പിതൃദിനത്തിൽ നാടിന്റെ ആദരം. മണ്ണഞ്ചേരി അടിവാരം വെള്ളക്കാഴത്തുചിറ (കുന്നപ്പള്ളി ) വീട്ടിൽ പി.എ മുഹമ്മദ് കുഞ്ഞാണ് പിതൃ ദിനത്തിൽ മാതൃകയായത്. പിതാവിന്റെ മരണ ശേഷം പതിനഞ്ചാം വയസിൽ പലചരക്ക് വ്യാപാര മേഖലയിലേക്ക് തിരിയുന്പോൾ മുഹമ്മദ് കുഞ്ഞിന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമായിരുന്നു. തന്റെ ഗതി മക്കൾക്ക് ഉണ്ടാകരുത്.
ജീവിത അനുഭവവും നിശ്ചയ ദാർഢ്യവും കൈ മുതലാക്കി ജീവിതത്തെ കെട്ടിപ്പടുത്ത മുഹമ്മദ് കുഞ്ഞു 84 ൽ എത്തി നിൽക്കുന്പോൾ തന്റെ ഒന്പതു മക്കളും മരുമക്കളും സർക്കാർ സർവീസിൽ സേവനം ചെയ്യുന്നത് അഭിമാനത്തേടെ കാണുന്നു.റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, ഹോമിയോ, മോട്ടോർവാഹനം, ജലഗതാഗതം കോടതി, വനംവകുപ്പ്, ഖാദി ബോർഡ്, ബാങ്ക്, കൃഷി വകുപ്പ് തുടങ്ങിയ മേഖലയിലാണ് മക്കളും മരുമക്കളും ജോലി ചെയ്യുന്നത്. എട്ട് ആണ്മക്കളും ഒരു മകളുമാണ് മുഹമ്മദ് കുഞ്ഞിന്.
ഇലഞ്ഞിക്കാത്തറയിൽ പരേതയായ ഐഷയെ 20-ാം വയസിലാണ് വിവാഹം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്ന മൂത്ത മകൻ പരേതനായ ഹംസ കുട്ടിയാണ് മറ്റു സഹോദരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി കിട്ടാൻ പ്രചോദനം ആയത്. പി.എ മുഹമ്മദ് ഷെരീഫ് (റിട്ട :തഹസിൽദാർ ചേർത്തല ), അബ്ദുൽ ഹക്കീം(ഗവ.സിദ്ധ ആശുപത്രി കണക്കൂർ), അബ്ദുൽ കലാം (ജില്ലാ കോടതി എറണാകുളം), മുഹമ്മദ് നാസർ (സെക്ഷൻ ഓഫീസർ എംജി യൂണിവേഴ്സിറ്റി), മുഹമ്മദ് കബീർ (നേച്ചർ സ്റ്റഡീ സെന്റർ കാലടി), അബ്ദു സമദ് (ഫാർമ സിസ്ററ് ഗവ: ഹോമിയോ തകഴി ), മാഹീൻ അബൂബക്കർ (ഡ്രൈവർ ജല ഗതാഗത വകുപ്പ് ആലപ്പുഴ), ലൈല മുഹമ്മദ് (ടൈപ്പിസ്റ്, കൃഷി വകുപ്പ്, തിരുവനന്തപുരം )എന്നിവരാണ് മറ്റു മക്കൾ.
ബീന (ബ്രാഞ്ച് മാനേജർ ജില്ല സഹകരണ ബാങ്ക് ആലപ്പുഴ), പി കെ സാജിത (ഹെഡ് മിസ്ട്രസ് കാവുങ്കൽ പഞ്ചായത്ത് എൽപിഎസ് ), സഫീദ (സൂപ്രണ്ട്, ഖാദി ബോർഡ് കോട്ടയം ), ഷാമില (വില്ലേജ് ഓഫീസ്, മണ്ണഞ്ചേരി), ഫാത്തിമ (സൂപ്രണ്ട് ആർടിഒ വടകര), ഷഫീന (ലാബ് അസിസ്റ്റന്റ്, കോട്ടയം ),ഫൗസിയ (നഴ്സ്, വയനാട് ), റജീന (കന്പ്യൂട്ടർ പ്രോഗ്രാമർ), മുഹമ്മദ് റാഫി (ലക്ച്ചറൽ ഡയറ്റ് എറണാകുളം )എന്നിവരാണ് മരുമക്കൾ. കൂടാതെ ഡോക്ടർമാർ,എൻജീനിയർമാർ, ടീച്ചർമാർ ഉൾപ്പെടെ 21 ചെറുമക്കളും അടങ്ങിയ സന്തുഷ്ട കുടുംബമായി മുന്നോട്ട് പോകുകയാണ് ഈ 84 കാരൻ.
പിതൃ ദിനത്തോടനുബന്ധിച്ചു മുഹമ്മ അരങ്ങ് മുഹമ്മദ് കുഞ്ഞിനെ വീട്ടിൽ എത്തി ആദരവ് നൽകി.
ജില്ലാ സബ് കലക്ടർ കൃഷ്ണ തേജ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, ഇപ്റ്റ ദേശീയ സെക്രട്ടറി എൻ. ബാലചന്ദ്രൻ, അനന്തശയനേശ്വര ക്ഷേത്ര യോഗം പ്രസിഡന്റ് ടി.ആർ. സൂധീർ തൈപ്പറന്പിൽ, സി.കെ.മണി ചീരപ്പൻചിറ, ആർഎൽവി വിജയകൃഷ്ണൻ, എം.കെ ഉണ്ണികൃഷ്ണൻ ഡോക്ടർ ധനേഷ്, ടോമിച്ചൻ കണ്ണേൽ,പി.എം സുനിൽ എന്നിവർ സംസാരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി ഷാജി സ്വാഗതവും റിട്ട. തഹസിൽദാർ മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.