സെബി മാളിയേക്കൽ
തൃശൂർ: പൗരോഹിത്യത്തിന്റെ ബലിവേദിയിൽ യാഗമാകാൻ തൃശൂർ അതിരൂപതയിൽനിന്നും ഇന്നു കാലെടുത്തുവയ്ക്കുന്നതു രണ്ടു പ്രഫഷണലുകൾ. കുന്നംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാവിലെ ഒന്‍പതിന് ബിഷപ് മാർ ടോണി നീലങ്കാവിലിൽനിന്നും പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ ഫിഡൽ തച്ചിൽ സോഫ്റ്റ്വെയർ എൻജിനീയർ. രാവിലെ ഒന്പതിനുതന്നെ പൂങ്കുന്നം സെന്റ് ജോസഫ്സ് പള്ളിയിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കൻ തോമസ് കിടങ്ങനാകട്ടെ ഡോക്ടറും.
കന്പ്യൂട്ടറിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തുനിന്ന് കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന യുവാക്കൾ.കുന്നംകുളം തച്ചിൽ തോംസണ്‍ - ജോയ്സി ദന്പതികളുടെ മകനായ ഫിഡലിന് അൾത്താരബാലനായതോടെയാണു വൈദികനാകാനുള്ള ആഗ്രഹം അങ്കുരിച്ചത്.
ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് ജയിച്ചശേഷം വലപ്പാട് ശ്രീരാമ പോളിടെക്നിക്കിൽ ഡിപ്ലോമയ്ക്കു ചേർന്നു.തുടർന്ന് ലാറ്ററൽ എൻട്രിയിലൂടെ കോയന്പത്തൂർ തമിഴ്നാട് കോളജ് ഓഫ് എൻജിനീയറിംഗിൽനിന്നും കംപ്യൂട്ടർ സയൻസിൽ ബിടെക്. ശേഷം നാലുവർഷക്കാലം ചെന്നൈ കോഗ്്നിസെന്റ് കന്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി.
ഇതിനിടെ എൻട്രൻസ് എഴുതി കോഴിക്കോട് എൻഐടിയിൽ എംടെക് പ്രവേശനം നേടി. തുടർന്ന് ടിസി വാങ്ങി കർണാടകയിലെ സുരത്കൽ എൻഐടിയിൽ ചേർന്നു. രണ്ടാംവർഷമായപ്പോഴേക്കും വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയതോടെയാണു ഫിഡെൽ കുഞ്ഞുനാളിലെ മോഹം വീട്ടിലറിയിച്ചത്.
കോളജിൽനിന്നും സ്ഥിരമായി സൈക്കിളിൽ കാന്പസിനടുത്ത പള്ളിയിൽ ഇംഗ്ലീഷ് കുർബാന കാണാൻ പോയിരുന്ന ഫിഡൽ, ഒരു ദിവസം കുർബാനയ്ക്കെത്തിയപ്പോൾ ദിവസവും ദിവ്യബലിയർപ്പിച്ചിരുന്ന വൈദികന്റെ യാത്രയയപ്പു സമ്മേളനം.
തന്റെ സ്വന്തം കാന്പസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ സലേഷ്യൻ സഭാംഗമായ ഫാ. ജോണി പതിനഞ്ചിൽ ആയിരുന്നു ആ വൈദികൻ. ഉടൻ അദ്ദേഹത്തെ പരിചയപ്പെടുകയും ആഗ്രഹം അറിയിക്കുകയുമായിരുന്നു. അങ്ങനെ സലേഷ്യൻ സഭ ബംഗളൂരു പ്രൊവിൻഷ്യൽ ഫാ. തോമസ് അഞ്ചുകണ്ടത്തെ ചെന്നുകാണുകയും “കം ആൻഡ് സീ’ പ്രോഗ്രാമിന്റെ ഭാഗമായി അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിൽ ആറുമാസക്കാലം എംസിഎക്കാർക്കു ക്ലാസെടുക്കാൻ നിർദേശിക്കുകയും ചെയ്തു.
ഒടുവിൽ 27 – ാമത്തെ വയസിൽ സെമിനാരിയിൽ… 10 വർഷത്തെ പഠനത്തിനുശേഷം ഇന്നു പൗരോഹിത്യത്തിലേക്ക്.
സഹോദരങ്ങൾ: മഡോണ (അസി. പ്രഫസർ, ഫിഷറീസ് കോളജ്, മംഗളൂരു), ഏണസ്റ്റോ (എൻജിനിയർ, സൗദി അറേബ്യ).
പൂങ്കുന്നം കിടങ്ങൻ ഫ്രാൻസിസ് സേവ്യർ - ഷീല സേവ്യർ ദന്പതികളുടെ മകനായ ഡീക്കൻ തോമസ് സേവ്യർ എൽകെജി മുതൽ പഠിച്ചതെല്ലാം ഇതരസംസ്ഥാനങ്ങളിലായിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജരായി വിരമിച്ച പിതാവിന്റെ ജോലിമൂലം ട്രിച്ചിയിലും വിജയവാഡയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഏഴാം ക്ലാസ് മുതൽ അൾത്താരബാലനായിരുന്നു തോമസ്. പ്ലസ് വണ്‍ പഠനത്തോടെയാണ് കേരളത്തിലെത്തിയത്.
തുടർന്ന് എൻട്രൻസ് എഴുതി തൃശൂർ അമല മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. ഇക്കാലത്തു ജീസസ് യൂത്തിൽ സജീവമായി. ഹൗസ് സർജൻസി വേളയിലാണു വൈദികനാകാൻ തീരുമാനിച്ചുറപ്പിച്ചത്. രോഗീപരിചരണത്തോടൊപ്പം അവരുടെ ആത്മീയശുശ്രൂഷകളും നടത്തിക്കൊടുക്കുകയെന്ന മോഹമാണ് ആതുരശുശ്രൂഷ പ്രേഷിതദൗത്യമായി സ്വീകരിച്ച കമീലിയൻസ് കോണ്ഗ്രിഗേഷൻ തെരഞ്ഞെടുക്കാൻ കാരണം. അങ്ങനെ 25-ാം വയസിൽ സെമിനാരിയിൽ ചേർന്ന തോമസ് 31-ാം വയസിൽ ഇന്നു പൗരോഹിത്യത്തിലേക്ക്.
തോമസ് പൗരോഹിത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ പിറ്റേന്ന്, അനുജനും ബംഗളൂരുവിൽ എൻജിനീയറുമായ പോൾസണ്‍ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ധന്യനിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതിന്റെ ത്രില്ലിലാണു പിതാവും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ സെൽഫ് ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ അക്കൗണ്ടന്റുമായ ഫ്രാൻസിസ് സേവ്യറും അമ്മ ഷീലയും. മറ്റു സഹോദരങ്ങൾ: ഫ്രാൻസിസ് (ശാസ്ത്രജ്ഞൻ, അബുദാബി), ജോണ്‍ (എൻജിനീയർ, കാനഡ).