നീലൂർ (പാലാ): നീലൂർ പേണ്ടാനത്ത് കുടുംബത്തിൽ സന്തോഷം അലതല്ലുകയാണ്. ഒന്നല്ല രണ്ടു പേരാണ് പേണ്ടാനത്തു വീട്ടിൽനിന്നു വൈദികപട്ടം സ്വീകരിക്കുന്നത്. അതും ഒരേ ദിനം ഒരു വേദിയിൽ. മൂന്നു മക്കളിൽ രണ്ടു പേർ വൈദിക ജീവിതം തെരഞ്ഞെടുത്തതിന്റെ ആഹ്ലാദത്തിലാണ് മാതാപിതാക്കളായ പേണ്ടാനത്ത് സെബാസ്റ്റ്യനും (ബാബു) ഭാര്യ റെജിയും. ജോസഫും (എബി) സെബാസ്റ്റ്യനും (ചാൾസ്) മാതൃഇടവകയായ നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ 29നു രാവിലെ 9.15 നു പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനിൽനിന്നു കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും.
മൂത്ത മകൻ എബി വിൻസെൻഷ്യൻ സഭയ്ക്കു വേണ്ടിയും സഹോദരൻ ചാൾസ് പാലാ രൂപതയ്ക്കു വേണ്ടിയുമാണ് വൈദികരാകുന്നത്. എബി മികച്ച പ്രസംഗകനുമാണ്. ഇരുവരും പത്താം ക്ലാസ് വരെ നീലൂർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. എബിയാണ് ആദ്യം സെമിനാരിയിൽ ചേർന്നത്. പാലാ ചെത്തിമറ്റത്തെ മൈനർ സെമിനാരിയിൽ ചേർന്നു.
തുടർന്ന് ബാംഗളൂർ ഡി പോൾ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി. ധർമാരാം കോളജിൽനിന്നു പിജിയും നേടി. ആലുവ മംഗലപ്പുഴ സെമിനാരിയിൽ പഠിക്കുന്പോൾ ദൈവശാസ്ത്രത്തിൽ രണ്ടാം റാങ്കോടെ വിജയം നേടി. ചാൾസ് പാലാ രൂപത മൈനർ സെമിനാരിയിലെ പഠനത്തിനു ശേഷം വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ ഫിലോസഫിയും തിയോളജിയും പഠനം പൂർത്തിയാക്കി.
സഹോദരങ്ങളുടെ നവപൂജാർപ്പണവേള ആത്മീയ ആഘോഷമാക്കി മാറ്റാൻ വികാരി ഫാ.ഫിലിപ്പ് കുളങ്ങരയുടെ നേതൃത്വത്തിൽ നീലൂർ ഇടവകയും ഒരുങ്ങുകയാണ്. ആണ്മക്കൾ രണ്ടു പേരും തെരഞ്ഞെടുത്ത വഴിയെക്കുറിച്ച് മാതാപിതാക്കൾക്ക് ഒറ്റ വാക്കേയുള്ളൂ – ദൈവനിയോഗം. ഈ മംഗള മുഹൂർത്തത്തിനു മുന്നോടിയായി ഇവരുടെ പുതിയ വീടിന്റെ ആശീർവാദം ഇന്നലെ നടന്നു. ഏക സഹോദരി അനീന ദുബായിയിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുകയാണ്. മാതാവ് റെജി ഇളന്തോട്ടം കുന്നുംപുറത്തു കുടുംബാംഗമാണ്.
ബിനു വള്ളോംപുരയിടം